എം.ഡി.എം.എയും പണവുമായി യുവാക്കൾ അറസ്റ്റിൽ

Tuesday 03 March 2026 1:12 AM IST

കാസർകോട്: കാറിൽ കടത്തിയ എം.ഡി.എം.എയും പണവുമായി യുവാക്കൾ അറസ്റ്റിലായി. 38.23 ഗ്രാം എം.ഡി.എം.എയും 1,63,500 രൂപയും കാറും രണ്ട് മൊബൈൽ ഫോണും യുവാക്കളിൽ നിന്ന് മഞ്ചേശ്വരം പൊലീസ് പിടിച്ചെടുത്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷിറിയ കുബന്നൂർ സഫ നഗറിലെ ഇബ്രാഹിം സുഹൈൽ (23), ബന്തിയോട് അടുക്കയിലെ മുഹമ്മദ് അനസുദ്ദീൻ (20) എന്നിവരാണ് പിടിയിലായത്.

കാറിലെ ഡാഷ്ബോർഡിൽ നിന്ന് ലഭിച്ച പണം മയക്കുമരുന്ന് വിൽപ്പനയുടെ സമ്പാദിച്ചത് ആണെന്ന് പിടിയിലായവർ സമ്മതിച്ചിട്ടുണ്ട്. എൻ.ഡി.പി.എസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. പിടിച്ചെടുത്തവ കാസർകോട് കോടതിയിൽ ഹാജരാക്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ലഹരി മരുന്നിന്റെ ഉറവിടം വിതരണ ശൃംഖല എന്നിവ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഞായറാഴ്ച അർദ്ധരാത്രിയോടെ മംഗൽപാടി സർക്കാർ ആശുപത്രിക്ക് സമീപമുള്ള സർവീസ് റോഡിൽ കെ.എൽ 14 എബി 9253 നമ്പർ കാറിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് എ.എസ്.പി അച്യുത് അശോകിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രതീഷ് ഗോപി, ഉമേഷ്, വൈഷ്ണവ് രാമചന്ദ്രൻ, ശബരി കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്. പൊലീസ് സംഘം മിന്നൽ വേഗത്തിൽ കാറിൽ കച്ചവടം നടത്തിയ സംഘത്തെ വളയുകയായിരുന്നു.