വളവിൽ ഓവർ ടേക്ക് ചെയ്ത കാറ് ബൈക്കിലിടിച്ച് യുവാക്കൾക്ക് പരിക്ക്
കോട്ടയം: ദേശീയപാത 183ലെ വളവിൽ ഓവർ ടേക്കിംഗിന് ശ്രമിച്ച കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. മണർകാട് സ്വദേശി കൈതമറ്റം മൂന്നുപ്ലാക്കൽ ദീപു, മാവേലിക്കര സ്വദേശി രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച്ച വൈകിട്ട് ഐരാറ്റുനടയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന നാനോ കാറാണ് ഐരാറ്റുനട വളവിൽ ഓവർ ടേക്കിംഗിനിടെ എതിർദിശയിൽ മണർകാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ ഇടിച്ചത്. തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാക്കളെ യാത്രക്കാരും, നാട്ടുകാരും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ ഏറെ നേരം ഗതാഗത കുരുക്കുണ്ടാക്കി. അപകടത്തിന്റെ സി.സി.ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മണർകാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.