'യുദ്ധം വേണ്ടേ വേണ്ട, സമാധാനം മതി'; ഇന്ത്യയോട് യാജിച്ച് പാക്‌ പ്രസിഡന്റ് സർദാരി

Tuesday 03 March 2026 10:14 AM IST

ഇസ്ലാമാബാദ്: ഇന്ത്യ മറ്റൊരു സംഘർഷത്തിന് തയ്യാറെടുക്കുകയാണെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. യുദ്ധത്തിൽ നിന്നെല്ലാം പിന്മാറി ചർച്ചയിലേക്ക് മടങ്ങാൻ അദ്ദേഹം ഇന്ത്യയോട് അഭ്യർത്ഥിച്ചു. പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം ചെയ്യുക എന്നതിൽ നിന്നും പിന്മാറി സമാധാന ചർച്ചകൾക്ക് മുൻഗണന നൽകുകയാണ് മേഖലയിലെ സുരക്ഷയ്ക്ക് ഏക മാർഗമെന്നും സമാധാനത്തിന്റെ വക്താവ് എന്ന നിലയിൽ താൻ ശുപാർശ ചെയ്യുന്നതെന്ന് സർദാരി ചൂണ്ടികാട്ടി.

സിന്ധു നദീജല ഉടമ്പടി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സർദാരി വിമർശിച്ചത് ഹൈഡ്രോ ടെററിസം (ജല തീവ്രവാദം) എന്നാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യ ജലപ്രവാഹത്തെ ആയുധമാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ജമ്മുകാശ്മീരിലെ ജനങ്ങൾക്ക് പാകിസ്ഥാൻ നയതന്ത്രവും ധാർമികവുമായ പിന്തുണ നൽകുന്നത് തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.

പാകിസ്ഥാനിലെ പടിഞ്ഞാറൻ അതിർത്തികളിലെ ഭീകരവാദ പ്രതിസന്ധികളെക്കുറിച്ചും കടുത്ത ആശങ്ക അദ്ദേഹം മുന്നോട്ടുവച്ചു. അഫ്ഗാനിൽ ഭീകര സംഘടനകൾ ശക്തമാകുന്നുവെന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി സർദാരി മുന്നറിയിപ്പ് നൽകുകയും ചെയ്തു. അഫ്ഗാനിലെ സാഹചര്യം ഗൗരവമായി എടുത്തില്ലെങ്കിൽ ഏതൊരു രാജ്യവും വലിയൊരു ഭീകരാക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഓർമ്മിച്ചു.

അതിർത്തി കടന്നെത്തുന്ന ഭീകരാവദ പ്രവർത്തനങ്ങളെ അടിച്ചുവീഴ്ത്താൻ പാകിസ്ഥാൻ നയതന്ത്ര പ്രവർത്തനങ്ങളെ വേണ്ട രീതിയിൽ വിനിയോഗിച്ചുവെന്നും പാക് മണ്ണ് പവിത്രതയുള്ളതാണെന്നുമാണ് സർദാരി ന്യായീകരിക്കുന്നത്. ദോഹ കരാറിലൂടെ തീവ്രവാദ ഗ്രൂപ്പുകൾ അഫ്ഗാൻ മണ്ണിൽ പ്രവർത്തിക്കുന്നത് തടയുമെന്ന് പറഞ്ഞിട്ടും അത് പാലിക്കുന്നതിൽ താലിബാൻ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.