'ഒരു കോടിയോളം ഇന്ത്യക്കാരെയും രാജ്യത്തെ വിപണിയെയും കാര്യമായി ബാധിക്കും', ഇറാൻ അമേരിക്ക സംഘർഷത്തിൽ പ്രതികരിച്ച് കേന്ദ്രം

Tuesday 03 March 2026 7:46 PM IST

ന്യൂഡൽഹി: ഇറാനും അമേരിക്കയും തമ്മിൽ ആക്രമണ പ്രത്യാക്രമണങ്ങൾ നടക്കുന്ന മദ്ധ്യേഷ്യ അശാന്തമാണ്. വിദ്യാർത്ഥികളും തൊഴിൽ ചെയ്യുന്നവരുമടക്കം നിരവധി പേർ ജീവനും കൈയിൽ പിടിച്ച് ഇന്നും ഇന്നലെയുമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ ആക്രമണം നിർ‌ത്തണം എന്ന് പല രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. സംഘർഷം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 28ന് തന്നെ ഇന്ത്യ ആഗാധമായ ആശങ്ക പ്രകടിപ്പിച്ചിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

'വിശുദ്ധ റംസാൻ മാസത്തിൽ മേഖലയിലെ (പശ്ചിമേഷ്യയിലെ) സ്ഥിതി തുടർച്ചയായി ഗണ്യമായി മോശമാകുകയാണ്. ആ സമയത്ത് പോലും എല്ലാ കക്ഷികളോടും സംയമനം പാലിക്കാനും സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും സാധാരണക്കാരുടെ സുരക്ഷയ്‌ക്ക് മുൻഗണന നൽകാനും ഇന്ത്യ അഭ്യ‌ർത്ഥിച്ചിരുന്നു.' വിദേശകാര്യമന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. ഇന്ത്യയുടെ പ്രധാന വാണിജ്യപാതയിലാണ് ഇപ്പോൾ സംഘർഷം രൂക്ഷമായിരിക്കുന്നത്. മാത്രമല്ല പെട്രോളിയം ഉൽപന്നങ്ങളടക്കം ഇന്ത്യ ഇറക്കുമതി ചെയ്യാനും ഈ പ്രദേശത്തെയാണ് പ്രധാനമായി ആശ്രയിക്കുന്നത്. മേഖലയിലെ സ്ഥിരതയ്‌ക്കും സുരക്ഷയ്‌ക്കും വലിയ പങ്കുള്ള ഒരു അയൽക്കാരൻ എന്ന നിലയിൽ സംഘർഷം ആശങ്കയുയർത്തുന്നതായും ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യയുടെ ഊർജ വാണിജ്യ പാത ഇറാനും ഗൾഫ് രാജ്യങ്ങൾക്കും സമീപത്തുകൂടിയായതിനാൽ അവിടെയുണ്ടാകുന്ന പ്രശ്‌നങ്ങൾ ഇന്ത്യൻ വിപണിയെ കാര്യമായി ബാധിക്കുമെന്ന് കേന്ദ്രത്തിന് ആശങ്കയുണ്ട്. സംഘർഷം പരിഹരിക്കാൻ ചർച്ചകൾക്കും നയതന്ത്ര ഇടപെടലും വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. മേഖലയിലെ സ്ഥിതിഗതികൾക്കനുസരിച്ച് രാജ്യതാൽപര്യത്തിന് വേണ്ടുന്ന നടപടികളെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.