സാമൂഹിക പ്രവർത്തനത്തിന് ഷാജി ഫിലിപ്പിന് പ്രവാസി എക്സ്പ്രസ് സോഷ്യൽ എക്സലൻസ് അവാർഡ്

Tuesday 03 March 2026 8:58 PM IST

സിംഗപ്പൂർ: സമൂഹത്തിൽ മാറ്റം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഷാജി ഫിലിപ്പിന് പ്രവാസി എക്സ്പ്രസ് അവാർഡ്സ് 2026ൽ സോഷ്യൽ എക്സലൻസ് (സോഷ്യൽ ഇംപാക്‌ട്) അവാർഡ് സമ്മാനിച്ചു. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ ഹോ ബീ ഓഡിറ്റോറിയത്തിൽ നടന്ന ഭംഗിയാർന്ന ചടങ്ങിൽ സിംഗപ്പൂർ സാംസ്‌കാരികയുവജനകാര്യ മന്ത്രി ദിനേശ് വാസു ഡാഷ് പുരസ്‌കാരം കൈമാറി. ചടങ്ങിന് പ്രവാസി എ‌ക്‌സ്‌പ്രസ് ചീഫ് എഡിറ്റർ ജി. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

കൊട്ടാരക്കരയ്ക്കടുത്ത ചെങ്ങമനാട് സ്വദേശിയായ ഷാജി ഫിലിപ്പ്, ജി.എം.എച്ച്.എസ് വെറ്റിക്കാവല സ്‌കൂളിന്റെ 1985 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥിയാണ്. തുടർന്ന് 1991ൽ ടി.കെ.എം കോളേജിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ ബിരുദം നേടി. ഇന്ത്യയിലെ മഹത്തായ അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായ കൊങ്കൺ റെയിൽവേ പ്രോജക്ടിൽ ആറുവർഷം സേവനം അനുഷ്ഠിച്ചു.

എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ സാമൂഹിക ഇടപെടൽ സ്വന്തം നാട്ടിൽ ആരംഭിച്ച ഫുട്‌ബോൾ അക്കാദമിയാണ്. ചെങ്ങമനാട്ടിലെ കുടുംബവീട്ടിൽ പ്രവർത്തിക്കുന്ന ഈ അക്കാദമി വഴി കുട്ടികൾക്ക് കായികപരിശീലനം നൽകുകയും, ശാരീരിക-മാനസിക വളർച്ചയ്ക്ക് പ്രചോദനമാകുകയും ചെയ്യുന്നു. ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്ക് കഴിവുകൾ വളർത്താനും ശിഷ്ടം, ടീം‌ സ്‌പിരിറ്റ്, ആത്മവിശ്വാസം എന്നിവ കൈവരിക്കാനും ഈ സംരംഭം സഹായകരമാകുന്നു. സമൂഹത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ഈ ബഹുമതിയിലേക്ക് എത്തിച്ചത്.

ഇതേചടങ്ങിൽ പ്രശസ്ത ഗായകൻ വിജയ് പ്രകാശ് മ്യൂസിക് എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി പ്രേക്ഷകരെ ആവേശഭരിതരാക്കി. വ്യവസായി ഗോകുലം ഗോപാലൻ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും നേടി. എസ്. ദേവേന്ദ്രൻ (കമ്മ്യൂണിറ്റി സർവീസ് എക്സലൻസ് അവാർഡ്), അരവിന്ദ് (ആർട്സ് എക്സലൻസ് അവാർഡ്), അനിൽ കരിശ്ശേരിൽ (ആർട് & കൾച്ചർ എക്സലൻസ് അവാർഡ്), സന്തോഷ് കുമാർ വി.കെ (ജേർണലിസം എക്സലൻസ് അവാർഡ്), ലൂക്കാസ് ടോണി കിഴക്കയിൽ (റൈസിംഗ് സ്റ്റാർ അവാർഡ്) എന്നിവരും വിവിധ മേഖലകളിൽ അവരുടെ സംഭാവനകൾക്ക് ആദരിക്കപ്പെട്ടു.

പ്രവാസി എക്സ്പ്രസ് അവാർഡ്സ് 2026 വീണ്ടും പ്രവാസി ഇന്ത്യൻ സമൂഹത്തിലെ കഴിവുകളും സാമൂഹിക പ്രതിബദ്ധതയും ലോകത്തിനു മുന്നിൽ അവതരിപ്പിച്ച ഒരു അഭിമാന നിമിഷമായി മാറി. സമൂഹത്തിന് തിരികെ നൽകാനുള്ള മനസ്സും പ്രവർത്തനവും ഒരുമിച്ചാൽ അതിന്റെ സ്വാധീനം തലമുറകളെ മാറ്റാൻ കഴിയുമെന്ന് ഷാജി ഫിലിപ്പിന്റെ യാത്ര തെളിയിക്കുന്നു.