മുക്കും മൂലയും നിരീക്ഷിച്ചു, മുന്നറിയിപ്പിന് പോലും സമയം കൊടുത്തില്ല; ഖമനേയിയെ കൊലപ്പെടുത്തിയ മാസ്റ്റര്‍പ്ലാന്‍

Tuesday 03 March 2026 9:43 PM IST

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയത് മുതല്‍ പശ്ചിമേഷ്യ യുദ്ധത്തിന്റെ കരിനിഴലിലാണ്. ലോക രാജ്യങ്ങളെ ആകമാനം നേരിട്ടും അല്ലാതെയും യുദ്ധം ബാധിച്ചിട്ടുണ്ട്. ആഴ്ചകളോളം ഇത് നീണ്ട് നിന്നേക്കുമെന്ന നിലപാടില്‍ ട്രംപും ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാനും വ്യക്തമാക്കുമ്പോള്‍ ലോകത്തിന്റെ ആശങ്ക എത്രനാളെന്നറിയാത്ത അനിശ്ചിതത്വത്തിലാണ്. ഖമനേയി കൊല്ലപ്പെട്ടത് ഇറാനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു.

ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിനും തയ്യാറെടുപ്പിനും വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ഇസ്രയേലിന്റെ വര്‍ഷങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഓപ്പറേഷന്‍ യാഥാര്‍ത്ഥ്യമാക്കിയത്. തലസ്ഥാനമായ ടെഹ്‌റാനിലെ മുക്കും മൂലയും വരെ നിരീക്ഷണത്തിലായിരുന്നു. ട്രാഫിക് ക്യാമറകളും മൊബൈല്‍ സിഗ്നലുകളും കൃത്യമായി പഠിക്കുകയും ഇവയെ നിര്‍വീര്യമാക്കുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍.

ട്രാഫിക് ക്യാമറകളുടെ നിയന്ത്രണം ചോര്‍ത്തിയെടുത്ത ശേഷം ഖമനേയിയുടെ സഞ്ചാരപാത, എവിടേക്കെല്ലാം പോകുന്നു, ആരൊക്കെയാണ് അനുഗമിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ മനസ്സിലാക്കിയിരുന്നു. ദിവസങ്ങളോളമുള്ള ദൃശ്യങ്ങള്‍ ചോര്‍ത്തിയ ശേഷം ഇതില്‍ നിന്ന് ഖമനേയിയുടെ ദിനചര്യകളും ജീവിതരീതിയും മനസ്സിലാക്കിയിരുന്നു. ഖമേനിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന ടെഹ്റാനിലെ പസ്തൂര്‍ സ്ട്രീറ്റ് പ്രദേശത്തെ മൊബൈല്‍ സിഗ്നലുുകളും ലക്ഷ്യമിട്ടിരുന്നു. സുരക്ഷാസേനയുടെ ആശയവിനിമയം തടസ്സപ്പെടുത്താന്‍ ചില ടവറുകള്‍ ഭാഗികമായി പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തിരുന്നു. ഇസ്രായേലിന്റെ സിഗ്നല്‍സ് ഇന്റലിജന്‍സ് വിഭാഗമായ യൂണിറ്റ് 8200, മൊസാദ് എന്നിവയ്ക്കൊപ്പം അമേരിക്കന്‍ സിഐഎയും ഓപ്പറേഷനില്‍ പങ്കാളികളായിരുന്നു. ഒരു നിര്‍ണായക യോഗം നടക്കാന്‍ പോകുന്നുവെന്നും ഇതില്‍ ആയത്തുള്ള അലി ഖമനേയി ഉറപ്പായും പങ്കെടുക്കും എന്നും ഉറപ്പിച്ച ശേഷമാണ് കൃത്യം നടപ്പിലാക്കാനായി തിരഞ്ഞെടുത്തത്. ആയുധങ്ങളുടെ ശക്തിപ്രകടനം എന്നതിലുപരിയായി സൈബര്‍ മേഖല ആധുനിക യുദ്ധ തന്ത്രങ്ങളില്‍ എത്രകണ്ട് തന്ത്രപ്രധാനമാണെന്നതിന് കൂടി തെളിവാണ് ഈ ഓപ്പറേഷന്‍.