യുദ്ധം : പ്രവാസികൾ ആശങ്കയിൽ

Wednesday 04 March 2026 4:44 AM IST

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷവാസ്ഥയിൽ ആശങ്കയിലാണ് ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന പത്തനംതിട്ട ജില്ലയിലുള്ളവർ. യുദ്ധം തുടങ്ങി അഞ്ച് ദിവസമായിട്ടും എന്ന് അവസാക്കുമെന്ന് ഒരു ധാരണയമില്ല. ഒരോ ദിവസവും സംഘർഷം മൂർച്ഛിക്കുകയാണ്. ഗൾഫ് നാടുകളിൽ ഏകദേശം ഒരു ലക്ഷത്തോളം പത്തനംതിട്ടക്കാരുണ്ടെന്നാണ് മൂന്ന് വർഷം മുൻപ് നടന്ന കേരള മൈഗ്രേഷൻ സർവെ റിപ്പോർട്ടിൽ പറയുന്നത്. ഇറാൻ ഒരു വശത്തും ഇസ്രായേൽ, അമേരിക്ക എന്നിവർ മറുവശത്തുമായി നടത്തുന്ന യുദ്ധത്തിൽ, അമേരിക്കയുടെ സൈനിക താവളങ്ങൾ ഗൾഫ് നാടുകളിലാണ്. മലയാളികൾ താമസിക്കുന്ന കെട്ടിടങ്ങളിലിരുന്നാൽ മിസൈൽ വർഷവും പ്രതിരോധവും കാണാം. ആളുകൾ ജോലിക്ക് പോകുന്നതിനും പുറത്തിറങ്ങുന്നതിനും ഗൾഫ് നാടുകളിൽ വിലക്കുണ്ട്. ആശങ്കയോടെ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കാനും നാട്ടിലുള്ളവർക്ക് തിരികെ ഗൾഫ് നാടുകളിലേക്ക് പോകാനും കഴിയുന്നില്ല.

വിമാനങ്ങൾ കൂ ട്ടത്തോടെ റദ്ദാക്കിയതും യാത്രകൾ മുടങ്ങിയതുമെല്ലാം ആശങ്കയോടെയാണ് മലയാളികൾ കാണുന്നത്. യാത്രയ്ക്കായി വിമാനത്താവളങ്ങളിലെത്തി മടങ്ങേണ്ടിവന്നവരും നിരവധിയാണ്. സംഘർഷം വ്യാപകമാകില്ലെന്ന ആശ്വാസ വാക്കുകൾ അധികൃതർ നൽകുന്നുണ്ട്. ഗൾഫിലുള്ള ബന്ധുക്കളുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടുവരികയാണ് നാട്ടിലുള്ളവർ.

നെടുമ്പാശേരിയിലും തിരുവനന്തപുരത്തുമായി എല്ലാ ഗൾഫ് വിമാനങ്ങളും റദ്ദാക്കിയതോടെ യാത്ര മുടങ്ങി വീടുകളിലേക്ക് മടങ്ങിയവർ ജില്ലയിൽ ധാരാളമുണ്ട്. ഇനി എന്നു യാത്ര ചെയ്യാനാകുമെന്ന് ഒരുറപ്പുമില്ല. ജില്ലയിൽ നിന്ന് നെടുമ്പാശേരിയിലും തിരുവനന്തരപുരത്തും എത്തി ചെക്ക് ഇ ൻ ചെയ്ത ശേഷമാണ് വ്യോമ പാതകൾ അടച്ചെന്നും സർവീസുകൾ റദ്ദാക്കിയെന്നുമുള്ള വിവരം വിമാന കമ്പനി അധികൃതർ അ റിയിച്ചത്. ഇങ്ങനെ വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് ബോർഡിംഗ് ഘട്ടംവരെ എത്തിയ യാത്രക്കാരാണ് ഇവർ. ഇവരെ ആദ്യം ഹോട്ടലിലേക്ക് മാ റ്റിയെങ്കിലും വിമാന സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നതോടെ വീടുകളിക്ക് മടക്കി. യു.എ.ഇ, ഖ ത്തർ, കുവൈറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യാനായി വീടുകളിൽ നിന്ന് ഇറങ്ങിയവരുടെ യാത്രയാണ് അനിശ്ചിതത്വത്തിലായത്.

ബന്ധുക്കളുടെ മരണം, വിവാഹം തുടങ്ങി അടിയന്തര ആവശ്യങ്ങൾക്കായി അവധിയെടുത്ത് വിമാന ടിക്കറ്റ് തരപ്പെടുത്തി നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുത്തവരും കുടുങ്ങി.

വിമാന സർവീസുകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം നിരവധി കുടുംബങ്ങളെയാണ് ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ബന്ധുക്കളുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ പങ്കുവയ്ക്കു ന്നുണ്ട്. ജോലി അന്വേഷിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനിരുന്നവരും വിഷമത്തിലാണ്. പലർക്കും അവസരം നഷ്ടമാകുമെന്ന് ഭയമുണ്ട്. പല രജ്യങ്ങളും കൊവിഡ് കാലത്തെ ലോക്ക് ഡൗൺപോലെ അടച്ചിട്ടിരിക്കുകയാണ്. ആശുപത്രികളും ഷോപ്പിംഗ് മാളുകളുമാണ് തുറന്നു പ്രവർത്തിക്കുന്നതെന്ന് ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർ പറയുന്നു. സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുന്നു.

യുദ്ധം നീണ്ടു പോകുന്തോറും ഗൾഫിലെ മലയാളികളുടെ ജോലിയ്ക്ക് ഭീഷണിയാണ്. ഇതിലൂടെ നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലാകും.

♦ നാട്ടിലെത്തുന്നവർക്ക് തൊഴിൽ പരിശീലനം നൽകണം

വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന മലയാളികളെ സഹായിക്കാൻ നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ സൗജന്യ ഏകദിന സംരഭകത്വ ശിൽപ്പശാല ജില്ലയിൽ നടത്തിയിരുന്നു. അടുത്തിടെ നടന്ന ശിൽപ്പാലയിൽ ജില്ലയിലെ എഴുപത് പേർക്ക് സംരംഭം തുടങ്ങാൻ പരിശീലനം നൽകി. പ്രവാസത്തിനു ശേഷം മടങ്ങി എത്തിയവരാണ് പരിശീലനത്തിൽ പങ്കെടുത്തത്. നാട്ടിൽ സ്വന്തം നിലയിൽ സ്ഥിര വരുമാനം ലഭിക്കുന്ന സംരംഭം ആരംഭിക്കണമെന്ന ആഗ്രഹത്തിലാണ് എല്ലാവരും ശിൽപ്പശാലയിൽ പങ്കെടുത്തത്. ഒരോ വ്യക്തിയും ആഗ്രഹിച്ച സംരംഭം തുടങ്ങുന്നതിന് ആവശ്യമായ അറിവ് പകർന്നു നൽകിയതിനൊപ്പം വിവിധ സഹായങ്ങളും സേവനങ്ങളും എവിടെ നിന്നൊക്കെ ലഭിക്കാം എന്ന മാർഗനിർദേശവും ലഭ്യമാക്കി.

സംരംഭകർ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്ന വിധം, സെയിൽസ് , മാർക്കറ്റിംഗ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടൽ ഉൾപ്പെടെ പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അറിവു പകരുന്ന നിരവധി വൈവിധ്യം നിറഞ്ഞ സെഷനുകൾ ഉൾപ്പെടുത്തിയാണ് ശില്പശാല സംഘടിപ്പിച്ചത്. ഇത്തരം ശിൽപ്പശാലകൾ തുടർന്നാൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഇവിട‌െത്തന്നെ സംരംഭങ്ങൾ തുടങ്ങാൻ സഹായകമാകും. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തുന്ന പ്രവാസികൾക്ക് തൊഴിൽ ആരംഭിക്കുന്നതിന് ശരിയായ മാർഗനിർദേശങ്ങൾ ലഭിക്കേണ്ടതുണ്ട്. ഗൾഫിലെ നിയമവും ചട്ടവുമല്ല നമ്മുടെ നാട്ടിൽ. അനുമതികൾക്കുള്ള കാലതാമസമാണ് ഇവിടുത്തെ പ്രശ്നം. പ്രവാസികൾക്ക് ഏതെങ്കിലും അടിയന്തര സാഹചര്യത്താൽ നാടുവിടേണ്ടി വന്നാൽ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് അധികൃതർ മുൻകൈയെടുക്കേണ്ടതുണ്ട്.