കാട്ടാന ആക്രമണത്തിൽ മരിച്ച അനീഷിന്റെ കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കാൻ ശിപാർശ

Wednesday 04 March 2026 12:13 AM IST
ആറളം ഫാമിലെ .കാട്ടാന ആക്രമവുമായി ബന്ധപ്പെട്ട് കലക്ടേറ്റ് കോൺഫറൻസ് ഹാളിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം

ഇരിട്ടി: ആറളം ഫാമിൽ കാട്ടാന ആക്രമണത്തെത്തുടർന്ന് മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഊർജിമാക്കുമെന്നും കളക്ടറേറ്റിൽ നടന്ന യോഗത്തിൽ തീരുമാനമായി. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ അനീഷിന്റെ കുടുംബാംഗങ്ങൾ, ആദിവാസി സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, എന്നിവരെ പങ്കെടുപ്പിച്ച് നടന്ന യോഗത്തിലാണ് തീരുമാനം. അനീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം, മക്കളുടെ പഠനം, ആനമതിൽ നിർമാണം, സോളാർ ഫെൻസിംഗ് അറ്റകുറ്റപ്പണികൾ, കാടുകൾ വെട്ടിത്തെളിക്കൽ, കൃഷിരീതിയിലെ മാറ്റങ്ങൾ എന്നിങ്ങനെ പത്തോളം പ്രധാന കാര്യങ്ങളിൽ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.

പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ഒരാഴ്ചക്കുള്ളിൽ ആറളം ഫാം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ രാജേഷ് കുമാർ പറഞ്ഞു.

ഭാര്യയ്ക്ക് സ്ഥിരം ജോലി ലഭിക്കും വരെ ഫാമിൽ താൽക്കാലിക ജോലി നൽകും. നിർമാണത്തിലിരിക്കുന്ന ആനമതിലിന്റെ നിർമാണം മേയ് 31നകം പൂർത്തിയാക്കും. ആനമതിൽ പൂർത്തിയാകുന്നതുവരെ ജനവാസമേഖലയിലേക്ക് കടന്നുവരുന്ന കാട്ടാനകളെ തടയാൻ സോളാർ ഫെൻസിംഗും കാട്ടാനകൾ ജനവാസമേഖലയിലേക്ക് പ്രവേശിച്ചാൽ മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനവും സ്ഥാപിക്കും. നിലവിൽ ഓരോ വണ്ടിയിലും മൂന്ന് പേർ വീതമുള്ള അഞ്ച് ടീമുകളാണ് പട്രോളിംഗിനായി ഉള്ളത്. കൂടാതെ ടി.ആർ.ഡി.എമ്മിൽ നിന്നുള്ള രണ്ട് ടീമുകളെ കൂടി പട്രോളിംഗിനായി വിട്ടുനൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

അനീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ മന്ത്രിയുമായും വകുപ്പ് സെക്രട്ടറിയുമായും സംസാരിക്കും. എല്ലാ വിഷയങ്ങളും സമയബന്ധിതമായി പൂർത്തിയാക്കും.

ജില്ലാ കളക്ടർ അരുൺ കെ. വിജയൻ

ആനമതിൽ നിർമ്മാണം പൂർത്തിയാകുന്നതുവരെ താൽക്കാലിക തൂക്കുവേലി സംവിധാനം ഏർപ്പെടുത്തണം. നിലവിലുള്ള സോളാർ ഫെൻസിംഗുകൾ പലയിടത്തും തകരാറിലാണ്. അവ കൃത്യമായി പരിപാലിക്കണം

ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി മോഹനൻ