അതിഥികളെ സൽക്കരിച്ച് നഗരം; മനം നിറഞ്ഞ് ഭക്തർ 

Wednesday 04 March 2026 1:04 AM IST

തിരുവനന്തപുരം: പൊങ്കാലയ്ക്കായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നെത്തിയ അതിഥികളെ സത്കരിച്ച് നഗരം. മതസൗഹാർദ്ദവും സഹോദര്യവും വിളിച്ചോതുന്നതായിരുന്നു നഗരത്തിന്റെ ആതിഥേയത്വം.

പൊങ്കാലയ്ക്കുള്ള അടുപ്പുകൾക്ക് പുറമെ ഭക്ഷണവും,കുടിവെള്ളവും,പ്രാഥമികാവശ്യത്തിനുള്ള സൗകര്യവും,വെയിലേൽക്കാതിരിക്കാൻ പന്തലും ഒരുക്കിയാണ് ഭക്തരെ നഗരം വരവേറ്റത്.റസിഡന്റ്സ് അസോസിയേഷനുകൾ,യുവജന സംഘടനകൾ,ക്ലബുകൾ,ക്ഷേത്രക്കമ്മിറ്റികൾ, മസ്ജിദുകൾ,പള്ളികൾ,തൊഴിലാളി സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.നഗരഹൃദയ ഭാഗത്ത് മാത്രമല്ല കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളിലും എല്ലാ സജ്ജീകരണങ്ങളും പ്രദേശവാസികൾ ഒരുക്കിയിരുന്നു.

പൊങ്കാലയ്ക്ക് എത്തുന്നവർക്കായി വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും കടകളും തുറന്നുകൊടുത്തു. സർക്കാർ ഓഫീസുകൾ അവധിയായിരുന്നെങ്കിലും,ഓഫീസ് കോമ്പൗണ്ടിൽ പൊങ്കാലയ്ക്ക് സൗകര്യം ഏർപ്പെടുത്തിയിരുന്നു.

എല്ലാ ജംഗ്ഷനുകളിലും പ്രഭാതഭക്ഷണം ഉൾപ്പെടെ ഒരുക്കിയിരുന്നു. കുടിവെള്ളവും സംഭാരവും ജ്യൂസും പഴങ്ങളുമൊക്കെ ഭക്തർക്കായി വിതരണം ചെയ്തു.എല്ലായിടത്തും ഉച്ചഭക്ഷണമൊരുക്കി. സഹായത്തിന് സദാ സമയവും വോളന്റിയർമാരുമുണ്ടായിരുന്നു. വിവിധ സന്നദ്ധ സംഘടനകൾ ചികിത്സാ സഹായത്തിനായി ഡോക്ടർമാരെയും നഴ്സുമാരെയും തയ്യാറാക്കിയിരുന്നു.

സൗജന്യ ആംബുലൻസ് സേവനവും ഒരുക്കി.വിവിധയിടങ്ങളിൽ ഭക്തർക്കായി ഓട്ടോറിക്ഷ സൗജന്യ സർവീസ് നടത്തി. പൊങ്കാല നിവേദ്യ സമയത്ത് എല്ലായിടത്തും പൂജാരിമാരുടെ സേവനവും ഉറപ്പാക്കിയിരുന്നു. ദാഹവും ക്ഷീണവും അകറ്റാൻ പഴവും ജ്യൂസും നൽകിയാണ് പൊങ്കാല കഴിഞ്ഞു തിരിച്ചുപോയവരെ നഗരം യാത്രയാക്കിയത്.