അനന്തപുരിയിൽ വീണ്ടുമൊരുങ്ങി; മതമൈത്രിയുടെ 'കേരള സ്റ്റോറി'
തിരുവനന്തപുരം: നാടിന്റെ നാനാദിക്കുകളിൽനിന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ഒഴുകിയെത്തിയ ഭക്തർക്ക് മുന്നിൽ സൗഹാർദ്ദത്തിന്റെ വാതിൽ തുറന്ന് തലസ്ഥാനത്തെ മുസ്ലിം,ക്രൈസ്തവ ദേവാലയങ്ങൾ. പള്ളിയുടെ കവാടം കടന്ന് ഭക്തിനിർഭരമായ മനസിൽ ദേവീമന്ത്രവുമായി കടന്നുവന്ന വനിതകൾക്ക് സൗകര്യമൊരുക്കി അവർ മാനവഐക്യത്തിന്റെ മറ്റൊരു മാതൃക സൃഷ്ടിച്ചു. എല്ലാ മതവിശ്വാസങ്ങളും ആദരിക്കപ്പെടേണ്ടതാണെന്ന വേറിട്ടൊരു 'കേരള സ്റ്റോറി' ഒരിക്കൽകൂടി ഉയർത്തിക്കാട്ടുകയായിരുന്നു അനന്തപുരി. ആറ്റുകാൽ പൊങ്കലയ്ക്കായി മുസ്ലിം പള്ളികളുടെയും ചർച്ചുകളുടെയും കവാടങ്ങൾ തുറക്കപ്പെടുന്നത് ഇതാദ്യമല്ല. പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവിയുടെ കഴിഞ്ഞ വെള്ളിയാഴ്ചയിലെ പ്രസംഗം ഇതിനിടെ വൈറലായിരുന്നു.പൊങ്കാലയ്ക്ക് എത്തുന്നവരുടെ മുന്നിൽ നമ്മുടെ മസ്ജിദുകളും വീടുകളും പൂർണമായും തുറക്കപ്പെടുന്ന സാഹചര്യം ഉണ്ടാകണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പൊങ്കാല അർപ്പിക്കാൻ എത്തുന്നവർക്കായി പാളയം ജുമാ മസ്ജിദിൽ തിങ്കളാഴ്ച തന്നെ പ്രത്യേക പന്തൽ ഒരുക്കിയിരുന്നു. നോമ്പുതുറയോട് അനുബന്ധിച്ചുള്ള വിഭവങ്ങൾ പൊങ്കാലയ്ക്ക് എത്തിയവർക്ക് വിതരണവും നടത്തി. സ്ത്രീകൾക്കായി പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് പ്രത്യേക ക്രമീകരണവും ഉണ്ടായിരുന്നു. മണക്കാട് വലിയപള്ളി ജുമാ മസ്ജിദിലും പൊങ്കാലക്കെത്തിയവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി. കുടിവെള്ളവും മറ്റ് അത്യാവശ്യ സൗകര്യങ്ങളുമെല്ലാം ഉണ്ടായിരുന്നു. പള്ളിയുടെ വിശാലമായ പാർക്കിംഗ് ഗ്രൗണ്ട് പൊങ്കാല അർപ്പിക്കാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനായി വിട്ടുകൊടുക്കുകയും ചെയ്തു. മണക്കാട് സെൻട്രൽ ജുമാ മസ്ജിദിന്റെ കമ്മ്യൂണിറ്റി ഹാളും പൊങ്കാലക്കെത്തിയവർക്ക് വിശ്രമത്തിനായി തുറന്നുകൊടുത്തു. ലത്തീൻ അതിരൂപതക്ക് കീഴിലുള്ള മണക്കാട് സഹായമാതാ ചർച്ചിന് മുന്നിലും പൊങ്കാലയർപ്പിക്കാനെത്തിയവർക്ക് വിശ്രമിക്കാൻ സൗകര്യമുണ്ടായിരുന്നു.