ന്യൂജെൻസിന്റെ പൊങ്കാല വൈബ്
തിരുവനന്തപുരം: പൊങ്കാല അടുപ്പൊരുങ്ങുമ്പോൾ തന്നെ ന്യൂജെൻസിന്റെ
ഫോണിലെ ക്യാമറയും ഓൺ.രണ്ട് ക്ലിക്കുകളിലൊന്ന് സെൽഫി.ഇൻസ്റ്റയിലും വാട്സ്ആപ്പിലെ സ്റ്റാറ്റസായും അത് മാറുന്നു- പൊങ്കാല വൈബ്!
പൊങ്കാലയ്ക്കെത്തിയ ന്യൂജെൻ പെൺകുട്ടികളിൽ പലരും ആദ്യമായാണ് ചൂട്ടും കൊതുമ്പും കൊണ്ട് അടുപ്പ് കത്തിക്കുന്നത്.ചുറ്റിലും അടുപ്പുകൾ പുകഞ്ഞ് കത്തിയപ്പോൾ കണ്ണുകൾ നീറി. ഒരു പുകച്ചിൽ. പുതിയൊരു അനുഭവം.തലയിൽ വെള്ളത്തോർത്തു കെട്ടിക്കൊണ്ടു നിന്ന് പിന്നെയും ഒരു സെൽഫി കൂടി.അവിടെക്കൊണ്ടും തീർന്നില്ല,കൂടെ വന്ന അനുജനോട് നേരത്തെ ചട്ടം കെട്ടിയതനുസരിച്ച് മൊബൈൽ കൊടുക്കുന്നു. അവൻ എല്ലാ ആങ്കിളിലും വീഡിയോ എടുക്കുന്നു. പൊങ്കാല തിളച്ചു തുടങ്ങുമ്പോൾ തവി അമ്മയെ ഏല്പിച്ച് മാറി നിന്ന് വീഡിയോ എഡിറ്റ് ചെയ്ത്, ''പൊങ്കാല പൊങ്കാല..."" എന്ന ഗാനം കൂടി ചേർത്ത് റീൽസ് റെഡി!.സമൂഹമാദ്ധ്യമങ്ങളിലൂടെ കൂട്ടായവർ ഒത്തുകൂടി ആറ്റുകാലിൽ പൊങ്കാലയിട്ടു.