മതനിരപേക്ഷതയുടെ രാഷ്ട്രീയ വക്താവ്
പിണറായി വിജയൻ, മുഖ്യമന്ത്രി
മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായിരുന്നു, ഇന്നലെ അന്തരിച്ച കെ.പി. ഉണ്ണിക്കൃഷ്ണൻ. 1971 മുതൽ 1996 വരെ കാൽനൂറ്റാണ്ടു കാലം തുടർച്ചയായി വടകരയെ ലോക്സഭയിൽ പ്രതിനിധീകരിച്ച അദ്ദേഹം 1980 മുതൽ എൽ.ഡി.എഫ് പ്രതിനിധിയായാണ് വിജയിച്ചത്. പത്രപ്രവർത്തന രംഗത്തും ഉണ്ണിക്കൃഷ്ണൻ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
വി.പി. സിംഗ് മന്ത്രിസഭയിൽ ടെലികമ്മ്യൂണിക്കേഷൻ, ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം മികച്ച ഭരണാധികാരി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടു.
പാർലമെന്റേറിയൻ എന്ന നിലയിൽ ശക്തമായ ഇടപെടലുകളായിരുന്നു ഉണ്ണിക്കൃഷ്ണന്റേത്. ബോഫോഴ്സ് പോലുള്ള കുംഭകോണങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും മറ്റും പാർലമെന്റിലും പുറത്തും ധീരമായ നിലപാട് കൈക്കൊണ്ടു. കേന്ദ്രമന്ത്രി എന്ന നിലയിൽ കേരളത്തിന്റെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകാനും അദ്ദേഹത്തിന് സാധിച്ചു.
നെഹ്റുവിയൻ മൂല്യങ്ങൾ കോൺഗ്രസിൽ നിലനിറുത്താൻ അദ്ദേഹം ശ്രമിച്ചു. പത്രപ്രവർത്തന രംഗത്തു നിന്ന് പാർലമെന്ററി രംഗത്തെത്തി, ഇരുരംഗത്തും പ്രാഗത്ഭ്യം തെളിയിച്ചു. 1990-ലെ ഗൾഫ് യുദ്ധകാലത്ത് കുവൈറ്റിൽ കുടുങ്ങിയ ഒന്നര ലക്ഷത്തോളം മലയാളികളെ തിരിച്ചെത്തിക്കുന്നതിൽ കെ.പി. ഉണ്ണിക്കൃഷ്ണൻ വഹിച്ച നേതൃപരമായ പങ്ക് എക്കാലവും ഓർമ്മിക്കപ്പെടും. യുദ്ധസാഹചര്യത്തിൽപ്പോലും ബാഗ്ദാദിലെ രഹസ്യകേന്ദ്രത്തിൽ വച്ച് സദ്ദാം ഹുസൈനെ കാണാനും, മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
സംഘപരിവാർ നേതൃത്വത്തിൽ രാജ്യത്ത് ഉയർന്നുവന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായ ഭാഷയിൽ എതിർക്കുകയും മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്ത കെ.പി. ഉണ്ണിക്കൃഷ്ണനെതിരെയാണ് 1991-ൽ 'കോലീബി" സഖ്യം പൊതുസ്ഥാനാർഥിയെ അവതരിപ്പിച്ചത്. എന്നാൽ വടകര ലോക്സഭാ മണ്ഡലത്തിലെ വിജയം എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ഉണ്ണിക്കൃഷ്ണനു തന്നെയായിരുന്നു.
ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന മലയാളിയായിരുന്നു കെ.പി. ഉണ്ണിക്കൃഷ്ണൻ. നിർണായക ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾക്കായി രാജ്യം കാതോർത്തു. ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ രാജ്യത്തെ തന്നെ ശക്തനായ വക്താവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.