പൊലിഞ്ഞത് രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകൾ
ചേർത്തല:11ാം മൈൽ –മുട്ടത്തിപ്പറമ്പ് റോഡിൽ തിങ്കളാഴ്ച രാത്രി നടന്ന വാഹനാപകടത്തിൽ പൊലിഞ്ഞത് രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകൾ..തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് ഈഴാശേരിക്കരിവീട്ടിൽ വേണുഗോപാലിന്റെയും സുനിമോളുടെയും ഏകമകൻ നന്ദഗോപാലും(22),വയലാർ മംഗളംപറമ്പ് വീട്ടിൽ കലേഷ്‌കുമാറിന്റെും ലീനയുടെയും ഏകമകൻ ആരവ് കൃഷ്ണയു(24)മാണ് അപകടത്തിൽ മരിച്ചത്. ഡിഗ്രിപഠനം മുതലേ ഒന്നിച്ചു കൂടിയ നന്ദഗോപാലും ആരവ് കൃഷ്ണയുമടങ്ങിയ സ്‌നേഹക്കൂട്ട് എന്ന കൂട്ടുകാരുടെ സംഘം ഓണക്കാലത്തു പൂവിൽപ്പന നടത്തിയും മറ്റും ചെറിയ തുകകൾ സമാഹരിച്ച് പരസ്പരം സഹായമായിമാറി. ഡിഗ്രിക്കു ശേഷം പലകോഴ്സുകളിലേക്കു തിരിഞ്ഞിട്ടും എട്് പേരടങ്ങിയ സംഘം ഓണക്കാലത്തടക്കം ഒന്നിച്ചുകൂടി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലെ അലങ്കാര പ്രവർത്തനങ്ങളും നടത്തിയിരുന്നത് . ഇരുവരുടെയും ചേതനയറ്റ ശരീരം ഇന്നലെ വീടുകളിലെത്തിച്ചപ്പോൾ മന്ത്രി പി.പ്രസാദടക്കം ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധിപേരാണ് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്.
വലിയ ശബ്ദം കേട്ട് നാട് നടുങ്ങി
വലിയ ശബ്ദംകേട്ടാണ് നാട്ടുകാരിൽ ചിലർ അപകടസ്ഥലത്തെത്തിയത്. മതിലിടിച്ചു തകർത്തുനിന്ന കാർതുറക്കാനാകാത്ത നിലയിലായിരുന്നു. അഗ്നിശമനസേന പാഞ്ഞെത്തി നാട്ടുകാരുടെ സഹായത്തിൽ കാർ വെട്ടിപൊളിച്ചു പുറത്തെത്തിക്കുമ്പോൾ ആരവ് കൃഷ്ണയിൽ ഞരങ്ങലുകൾ അവശേഷിച്ചിരുന്നു.നന്ദഗോപാൽ അനക്കമില്ലാത്ത നിലയിലുമായിരുന്നു. താലൂക്കാശുപത്രിയിലെത്തിക്കുമ്പോൾ നന്ദഗോപാൽ മരിച്ചതായി സ്ഥിരീകരിച്ചു. നിമിഷങ്ങൾക്കുള്ളിൽ ആരവിന്റെ ജീവനും നിലച്ചു.
ചേർത്തലതെക്കിലുളള ക്ഷേത്രത്തിൽ പുഷ്പാലങ്കാരം നടത്തിയശേഷമാണ് ഇരുവരും മുട്ടത്തിപ്പറമ്പിലെത്തിയത്. ഇതിനുശേഷം ഇരുവരും ചേർന്ന് വയലാറിലേക്കു പോകുമ്പോഴായിരുന്നു അപകടം.