മോഷണ കേസ് പ്രതി പിടിയിൽ

Wednesday 04 March 2026 12:39 AM IST

crime

കോഴിക്കോട്: വലിയങ്ങാടിക്ക് സമീപമുള്ള ആക്രി കടയിൽ നിന്ന് മോഷണം നടത്തിയ കേസിൽ മൂന്നാം പ്രതി പിടിയിൽ. ഒളവണ്ണ കൊടിനാട്ട്മുക്ക് സ്വദേശി ചെറിയേടത്ത് വീട്ടിൽ മുഹമ്മദ് അസ്ഹറുദ്ദീൻ (28) നൊണ് ടൗൺ പൊലീസും സിറ്റി ക്രൈം സ്‌കോഡും ചേർന്ന് പിടികൂടിയത്. കേസിലെ ഒന്നും രണ്ടും പ്രതികളായ താമരശ്ശേരി അമ്പായിത്തോട് മിച്ച ഭൂമി കോളനിയിൽ മനു ആനന്ദ് (23), കുറ്റിക്കാട്ടൂർ സ്വദേശി രതീഷ് (42) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. കെ.പി കേശവമേനോൻ റോഡിലെ അമർ അസോസിയേറ്റ് എന്ന സ്‌ക്രാപ്പ് കടയുടെ പുറക് വശത്തെ വാതിൽ പൊളിച്ച് കടയിൽ സൂക്ഷിച്ച 175 കിലോഗ്രാമോളം തൂക്കം വരുന്ന കോപ്പറും കടയുടെ മേശയുടെ പൂട്ട് പൊട്ടിച്ച് 6000 രൂപയും പ്രതികൾ മോഷ്ടിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് പ്രതിയെ കോടതി റിമാൻഡ് ചെയ്തു.