കെ.പി. ഉണ്ണിക്കൃഷ്ണൻ വിടവാങ്ങുമ്പോൾ

Wednesday 04 March 2026 2:24 AM IST

കേരളത്തിൽ നിന്ന് ഒരു പത്രപ്രവർത്തകനായി ഡൽഹിക്കു പോയി ബുദ്ധിശക്തിയിലൂടെയും കർമ്മകുശലതയിലൂടെയും ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായി മാറിയ രാഷ്ട്രീയ ജീവിതത്തിനാണ് കെ.പി. ഉണ്ണിക്കൃഷ്ണന്റെ നിര്യാണത്തോടെ തിരശ്ശീല വീണിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി, സോഷ്യലിസ്റ്റ്, കോൺഗ്രസുകാരൻ, നയതന്ത്രജ്‌ഞൻ, എഴുത്തുകാരൻ, വാഗ്‌മി തുടങ്ങി വിവിധ നിലകളിൽ തിളങ്ങിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 1971 മുതൽ 1996 വരെ വടകരയിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. വടകരയെ പ്രതിനിധീകരിച്ച് തുടർച്ചയായി ഏഴ് തവണയാണ് അദ്ദേഹം ലോക്‌സഭയിലെത്തിയത്. കേരളത്തിൽ ഒരേ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഏറ്റവുമധികം തവണ വിജയിച്ച വ്യക്തി എന്ന പ്രത്യേകതയും കെ.പി. ഉണ്ണിക്കൃഷ്ണനുണ്ട്.

ശങ്കേഴ്‌‌സ് വീക്കിലി, ടൈംസ് ഒഫ് ഇന്ത്യ, മാതൃഭൂമി തുടങ്ങിയ മാദ്ധ്യമങ്ങളിൽ പ്രവർത്തിച്ചു. ഇതിനിടയിൽ 1971-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ഉണ്ണിക്കൃഷ്ണൻ ആദ്യമായി മത്സരിച്ച് ജയിക്കുന്നത്. അന്ന് വടകരയിലെ സ്ഥാനാർത്ഥിയായി കെ.പി.സി.സി നിർദ്ദേശിച്ച വ്യക്തിയുടെ പേര് വെട്ടിയാണ് സ്ഥാനാർത്ഥി ലിസ്റ്റിൽ ഹൈക്കമാൻഡ് ഉണ്ണിക്കൃഷ്ണന്റെ പേര് എഴുതിച്ചേർത്തത്. അത്രമാത്രമായിരുന്നു അന്നത്തെ കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ണിക്കൃഷ്ണനുണ്ടായിരുന്ന സ്വാധീനം. ഇന്ദിരാഗാന്ധി തന്നെ നേരിട്ടാണ് കെ.പി. ഉണ്ണിക്കൃഷ്ണനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് എന്നതിനാൽ അദ്ദേഹത്തെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ട ചുമതലയും സംസ്ഥാന കോൺഗ്രസ് നേതാക്കളിൽ നിക്ഷിപ്തമായി. വടകരയിൽ കെ.പി.സി.സി നിശ്ചയിച്ച സ്ഥാനാർത്ഥിയായിരുന്ന ലീലാ ദാമോദര മേനോന്റെ ചുവരെഴുത്തുകൾ മായ്‌ച്ചാണ് ഉണ്ണിക്കൃഷ്ണന്റെ പേരെഴുതി പ്രചാരണം തുടങ്ങിയത്.

കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായും,​ അതിൽ നിന്നു മാറി ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയായും വടകരയിൽ നിന്നുതന്നെ ജയിക്കാൻ കഴിഞ്ഞതിൽ ഉണ്ണിക്കൃഷ്ണന്റെ വ്യക്തിപ്രഭാവം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 1989 - 90 കാലഘട്ടത്തിൽ വി.പി. സിംഗ് മന്ത്രിസഭയിൽ ടെലികമ്മ്യൂണിക്കേഷൻ, ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പ് തുടങ്ങിയവയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ആയതോടെയാണ് ദേശീയ തലത്തിൽ ഉണ്ണിക്കൃഷ്ണൻ ഏറെ അറിയപ്പെട്ടു തുടങ്ങിയത്. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായാണ് ഉണ്ണിക്കൃഷ്ണൻ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. സോഷ്യലിസ്റ്റ് നേതാവ് റാം മനോഹർ ലോഹ്യയുടെ അന്ധമായ നെഹ്റു വിരോധത്തിൽ വിയോജിച്ചാണ് താൻ കോൺഗ്രസുകാരനായി മാറിയതെന്ന് ഉണ്ണിക്കൃഷ്ണൻ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. 1959-ൽ കോൺഗ്രസിലെത്തിയ ഉണ്ണിക്കൃഷ്ണന്റെ കോൺഗ്രസ് രാഷ്ട്രീയത്തിലെ ആദ്യ 'ഗോഡ്‌ഫാദർ" വി.കെ. കൃഷ്ണമേനോനായിരുന്നു. മേനോനോടൊപ്പം പ്രവർത്തിച്ച കാലത്താണ് ഇന്ദിരാഗാന്ധിയെ പരിചയപ്പെടുന്നതും അടുത്ത ബന്ധം സ്ഥാപിക്കുന്നതും.

അടിയന്തരാവസ്ഥയ്ക്കു ശേഷം കോൺഗ്രസിൽ നിന്ന് അകന്ന അദ്ദേഹം പിന്നീട് കോൺഗ്രസ് (യു)വിലും കോൺഗ്രസ് - എസിലും എത്തി. കോൺഗ്രസ് - എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആയിരുന്നു.

വി.പി. സിംഗ്, ഐ.കെ. ഗുജ്‌റാൾ, പി.വി. നരസിംഹറാവു, പ്രണബ് മുഖർജി തുടങ്ങിയ വൻനിര നേതാക്കളുടെ പ്രിയപ്പെട്ടവനായി മാറിയ ഉണ്ണിക്കൃഷ്ണൻ അക്കാലത്തെ ഡൽഹിയിലെ പ്രധാനപ്പെട്ട സംഭവങ്ങളിൽ പങ്കാളിയും സാക്ഷിയുമായിരുന്നു. ഇറാക്ക് അധിനിവേശത്തിൽ കുവൈറ്റിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിൽ കേന്ദ്രമന്ത്രി എന്ന നിലയിൽ ഉണ്ണിക്കൃഷ്ണൻ വഹിച്ച പങ്ക് നിസ്‌തുലമായിരുന്നു. സദ്ദാം ഹുസൈനെ ഒളിത്താവളത്തിൽ പോയി കണ്ടാണ് ആ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. നവതിയിലെത്തിയ അദ്ദേഹം ദീർഘനാളായി പന്നിയങ്കരയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു കെ.പി. ഉണ്ണിക്കൃഷ്ണന്റെ നിര്യാണം പൊതുജീവിതത്തിൽ സൃഷ്ടിക്കുന്ന ശൂന്യത ചെറുതല്ല.