അടുത്ത സുഹൃത്ത്, സഹോദര തുല്യൻ
അടുത്ത സുഹൃത്തും സഹോദര തുല്യനുമായിരുന്നു, അന്തരിച്ച കെ.പി. ഉണ്ണിക്കൃഷ്ണൻ. 1970-ൽ ആരംഭിച്ചതാണ് ഞങ്ങൾക്കിടയിലെ സൗഹൃദം. ജ്യേഷ്ഠസഹോദരനെപ്പോലെയാണ് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച കാലം മുതൽ അവസാനശ്വാസം വരെ ജവഹർലാൽ നെഹ്‌റുവിന്റെ ആരാധകനായിരുന്നു കെ.പി. ഉണ്ണിക്കൃഷ്ണൻ. നെഹ്‌റുവിന്റെ അടിസ്ഥാന നയങ്ങളാണ് ഇന്ത്യയുടെ നിലനില്പന് കാരണമായതെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. സ്വാതന്ത്ര്യലബ്ദ്ധിക്കു ശേഷം ഇന്ത്യ ഛിന്നഭിന്നമാവുമെന്നായിരുന്നു പാശ്ചാത്യ രാജ്യങ്ങളുടെ നിരയിൽ കരുതപ്പെട്ടിരുന്നത്.
ലോകത്തെ പല രാജ്യങ്ങളും ഛിന്നഭിന്നമായിട്ടും ഇന്ത്യയെ തകരാതെ നിലനിറുത്തിയ ആശയശക്തി, ജനാധിപത്യം, മതേതരത്വം, ബഹുസ്വരത, സാമൂഹ്യ സമത്വം, സാമൂഹ്യ നീതി ഇതെല്ലാമാണ്. ഡോ. അംബേദ്കറുമായി സഹകരിച്ച് തയ്യാറാക്കിയ ഭരണഘടനയുടെ നിർമ്മിതിയിൽ ജവഹർലാൽ നെഹ്‌റുവിന് കാര്യമായ പങ്കുണ്ട്. ആ ഭരണഘടനയാണ് ഇന്ത്യയിലെ ജനങ്ങളുടെ ഏറ്റവും വലിയ കരുത്തെന്നും ഉണ്ണിക്കൃഷ്ണൻ ഉറച്ചു വിശ്വസിച്ചിരുന്നു.
കരുനീക്കങ്ങളുടെ
ഇന്ദ്രപ്രസ്ഥം
വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ അദ്ദേഹം കോൺഗ്രസിൽ സജീവമായിട്ടുണ്ടായിരുന്നു. വി.കെ.കൃഷ്ണമേനോൻ മത്സരിച്ച ബോംബെയിലെ നിർണായകമായ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി നിയോഗിച്ച സംഘത്തിന്റെ തലവനായിരുന്നു അദ്ദേഹം. ഒരു കാലഘട്ടത്തിൽ ഡൽഹിയിലെ സുപ്രധാന രാഷ്ട്രീയ നീക്കങ്ങളുടെയെല്ലാം സിരാകേന്ദ്രം ഉണ്ണിക്കൃഷ്ണന്റെ ഡൽഹിയിലെ വസതിയായിരുന്നു. രാജ്യ തലസ്ഥാനത്തെ ഏറ്റവും അംഗീകരിക്കപ്പെട്ട ഉന്നതനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. പക്ഷേ ഒരുഘട്ടത്തിൽ നയപരമായ ചില കാരണങ്ങളാൽ കോൺഗ്രസുമായി തെറ്റിപ്പിരിയേണ്ടി വന്നുവെങ്കിലും, പിന്നീട് അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങിവന്നു.
ഇന്നിപ്പോൾ ലോകം മുഴുവൻ യുദ്ധത്തിന്റെ ഭീഷണിയിലാണ്. യുദ്ധം ഏറ്റവും കൂടുതൽ ആഘാതമേല്പിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ പേടിയോടെയും ഉത്കണ്ഠയോടെയും കഴിയുന്ന സംസ്ഥാനം കേരളമാണ്. അമേരിക്കയും ഇസ്രയേലും കൂടി അടിച്ചേല്പിച്ച യുദ്ധം ലോകത്തിനാകെ നാശം വിതയ്ക്കുകയാണ്. ഇന്ത്യയും അതിന്റെ ദുരിതവശങ്ങൾ അനുഭവിക്കേണ്ട അവസ്ഥയാണ് വന്നുചേർന്നിരിക്കുന്നത്. വി.പി.സിംഗ് സർക്കാരിൽ ഉണ്ണിക്കൃഷ്ണൻ മന്ത്രിയായിരുന്നപ്പോഴുള്ള ഒരു യുദ്ധ സന്ദർഭം ഞാൻ ഓർക്കുകയാണ്.
ഇറാഖ് കുവൈറ്റിനെ ആക്രമിച്ച ഘട്ടത്തിലുള്ള അമേരിക്കൻ ഇടപെടലും അതേ തുടർന്നുണ്ടായ അനിശ്ചിതത്വവുമാണ് മറക്കാനാവാത്ത ആ സന്ദർഭം. അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ചുമതല കേന്ദ്രമന്ത്രിസഭ ഉണ്ണിക്കൃഷ്ണനാണ് നൽകിയത്. നൂറുകണക്കിന് വിമാനങ്ങൾ ഉപയോഗിച്ചാണ് അദ്ദേഹം ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്. ആ സമയത്ത് എല്ലാ സംസ്ഥാനങ്ങളും വിളിച്ച് ആശ്രയിച്ചത് ഉണ്ണിക്കൃഷ്ണനെയാണ്. രാജ്യത്തിന്റെയാകെ പ്രശംസ പിടിച്ചുപറ്റിയ ഒരു സന്ദർഭമായിരുന്നു അത്. സാഹസികമായി ഇറാഖിൽ പോയതും സദാം ഹുസൈനുമായി കൂടിക്കാഴ്ച നടത്തിയതും, സദ്ദാം ഹുസൈൻ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി സഹായം ചെയ്തതുമെല്ലാം ഇപ്പോഴും ഓർമ്മയുണ്ട്.
കോൺഗ്രസിന്റെ
തിരിച്ചുവരവ്
കേരളത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അവസാനകാല ലേഖനങ്ങളിലെല്ലാം ഊന്നിപ്പറഞ്ഞത്, കോൺഗ്രസ് ഈ രാജ്യത്ത് ഉയർന്നു നിൽക്കേണ്ടതിന്റെ ആവശ്യകതയാണ്. കോൺഗ്രസ് ആശയങ്ങൾ ഉയർന്നുവരണം. ജവഹർലാൽ നെഹ്റുവിന്റെ അടിസ്ഥാന നയങ്ങൾ കോൺഗ്രസ് ഉയർത്തിപ്പിടിക്കണം. നെഹ്റു ഉയർത്തിയ അടിസ്ഥാന തത്വങ്ങളായ ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും സാമൂഹ്യനീതിയും മാത്രമേ ഇന്ത്യയുടെ രക്ഷയ്ക്ക് ഉതകൂ എന്നാണ് അദ്ദേഹം അടിയുറച്ച് വിശ്വസിച്ചിരുന്നത്. കോൺഗ്രസ് ശക്തിപ്പെട്ടില്ലെങ്കിൽ രാജ്യം ആപത്കരമായ പാതയിലേക്ക് പോകുമെന്ന് അദ്ദേഹം നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു.
ഒരു കാലഘട്ടത്തിൽ കേരളത്തിലെ കോൺഗ്രസുകാരായ ചെറുപ്പക്കാർക്ക് ഏറ്റവും കൂടുതൽ അഭയം നൽകിയത് ഉണ്ണിക്കൃഷ്ണന്റെ ഡൽഹിയിലെ വീടാണ്. ഞങ്ങൾ ഇടയ്ക്കിടയ്ക്ക് നിരന്തരമായി സംസാരിക്കുമായിരുന്നു. കുറഞ്ഞത് രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കു മുമ്പും ഞങ്ങൾ സംസാരിച്ചതാണ്. അന്നു പക്ഷേ അദ്ദേഹം വളരെ അവശനായിരുന്നു. എന്റെ ഫോൺ ആണെന്നു കേട്ടപ്പോൾ ഫോൺ എടുത്തു, പക്ഷേ ഒരു വാക്കോ രണ്ടു വാക്കോ മാത്രമാണ് സംസാരിച്ചത്.
കഴിഞ്ഞ കുറെ നാളായി അദ്ദേഹം എന്നോടു സംസാരിക്കുന്നതു മുഴുവൻ, രാജ്യത്ത് മോദി സർക്കാർ വന്നതിനുശേഷം ഉണ്ടായിട്ടുള്ള ആപത്കരമായ പോക്കിനെക്കുറിച്ചായിരുന്നു. ഇതിനെ തടയാൻ കോൺഗ്രസിനേ ശക്തിയുള്ളൂവെന്നും, കോൺഗ്രസ് തിരിച്ചുവരണമെന്നും, കോൺഗ്രസ് ആശയങ്ങൾ തിരിച്ചു വരണമെന്നും അദ്ദേഹം നിരന്തരം ഓർമ്മപ്പെടുത്തിയിരുന്നു. ഈ പറയുന്നതിനെല്ലാം അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുമുണ്ടായിരുന്നു. നിർണായകമായ ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ വേർപാട് ഒരു വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു.