ഞങ്ങളുടെ ഉണ്ണിയേട്ടൻ

Wednesday 04 March 2026 1:48 AM IST

കെ.പി. ഉണ്ണിക്കൃഷ്ണൻ എനിക്ക് ഉണ്ണിയേട്ടനായിരുന്നു. എനിക്കു മാത്രമല്ല;പലർക്കും അതുപോലെ തന്നെ. ഉണ്ണിയേട്ടനുമായുള്ള ഹൃദയബന്ധത്തെക്കുറിച്ച് രേഖപ്പെടുത്താൻ അക്ഷരങ്ങൾകൊണ്ടും വാക്കുകൾകൊണ്ടും സാദ്ധ്യമല്ല. അത്രയേറെ അപാരം! 1971-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഒന്നിച്ചു വിജയിച്ച കാലം. ആദ്യമായി നടത്തിയ യാത്ര വിമാനത്തിലായിരുന്നു. എല്ലാം ഉണ്ണിയേട്ടൻ തരപ്പെടുത്തി. എം.പി മാർക്ക് താമസിക്കാനുള്ള വീട് കിട്ടുന്നതു വരെ അദ്ദേഹത്തിന്റെ ബന്ധുവീട്ടിൽ എന്നെയും താമസിപ്പിച്ചു. ഒരു കൊച്ചനുജനോടുള്ള സ്‌നേഹം- അതാണ് ഞാനിന്നും ഓർക്കുന്നത്.

ഉണ്ണിയേട്ടൻ വലിയൊരു പായ്ക്കറ്റ് എനിക്ക് നൽകി. പാർലമെന്റിൽ പോകുമ്പോൾ ധരിക്കേണ്ട ഖാദിയുടെ കോട്ടും പാന്റും അടങ്ങുന്നതായിരുന്നു അത്! അങ്ങനെ എന്തെല്ലാം. ഒരു പാർലമെന്റ് അംഗമെന്ന നിലയ്ക്ക് മാതൃകയായിരുന്നു,​ പ്രൗഢമായ അദ്ദേഹത്തിന്റെ പ്രഭാഷണം. ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ത്യയ്ക്കു വേണ്ടി അയൽരാജ്യങ്ങളിൽ പ്രഭാഷണ സംഘത്തെ അയയ്ക്കാൻ ഇന്ദിരാജിയുടെ മുന്തിയ പരിഗണന ഉണ്ണിയേട്ടനു തന്നെ. ഓർക്കാനും ഓർമ്മിക്കാനും ആദരിക്കാനും ഏറെയുണ്ട്. ആ പ്രോജ്ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ ഭക്ത്യാദരപൂർവം പ്രണമിക്കുന്നു.