അനിശ്ചിതത്വം നിറഞ്ഞ് മണ്ഡലം; പുതുക്കാട് 'നാട്ടുകാർക്കൊപ്പം'
തൃശൂർ: രൂപീകരണം മുതൽ ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രം. വമ്പൻ പേരുകളേക്കാൾ നാട്ടുകാർക്ക് മുൻതൂക്കം നൽകുന്ന പതിവ് ശൈലി പുതുക്കാട് ഇക്കുറി തുടരുമോ എന്ന ആകാംക്ഷയിലാണ് മുന്നണികൾ. എം.എൽ.എമാർ വീണ്ടും മത്സരിക്കുമെന്ന സാഹചര്യത്തിൽ കെ.കെ.രാമചന്ദ്രൻ തന്നെ വീണ്ടും ജനവിധി തേടാനാണ് സാദ്ധ്യത. കെ.പി.സി.സി സെക്രട്ടറിയും ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്‌സണുമായിരുന്ന സോണിയഗിരി, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ബാബുരാജ് എന്നിവർക്കാണ് യു.ഡി.എഫിൽ സാദ്ധ്യത. എം.കെ.ബാബുരാജിന് നറുക്ക് വീഴാനുള്ള സാദ്ധ്യതയാണ് കൂടുതൽ. നാട്ടുകാരൻ കൂടിയായ എ.നാഗേഷ് തന്നെ എൻ.ഡി.എ സ്ഥാനാർത്ഥിയായി ഇറങ്ങിയേക്കും.
ഇക്കുറിയും അനിശ്ചിതത്വം
അളഗപ്പ നഗർ, നെന്മണിക്കര, പറപ്പൂക്കര, പുതുക്കാട്, തൃക്കൂർ, മറ്റത്തൂർ, വരന്തരപ്പിള്ളി, വല്ലച്ചിറ തുടങ്ങിയ എട്ട് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. പ്രമുഖർ ഈ മണ്ഡലത്തിലേക്ക് വരാൻ മടിക്കുന്നതിന് പിന്നിൽ ഇവിടുത്തെ വോട്ടർമാരുടെ പ്രവചനാതീതമായ സ്വഭാവമാണ്. ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പറയുന്നത് ഈ അനിശ്ചിതത്വക്കണക്കാണ്. എട്ട് പഞ്ചായത്തുകളിൽ അഗളപ്പനഗർ, പുതുക്കാട്, തൃക്കൂർ, മറ്റത്തൂർ, വരന്തരപ്പിള്ളി തുടങ്ങിയ അഞ്ച് പഞ്ചായത്തുകളിലും ഫലം യു.ഡി.എഫിന് അനുകൂലമാണ്. നെന്മണിക്കര, പറപ്പൂക്കര, വല്ലച്ചിറ പഞ്ചായത്തുകൾ മാത്രമാണ് എൽ.ഡി.എഫിനൊപ്പം. എൻ.ഡി.എയും എൽ.ഡി.എഫും ഒപ്പത്തിനൊപ്പം വന്ന വല്ലച്ചിറയിൽ ടോസിലാണ് എൽ.ഡി.എഫ് അധികാരം പിടിച്ചത്. 2015ൽ ആറ് പഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പം നിന്നപ്പോഴാണ് കെ.കെ.രാമചന്ദ്രൻ 27,353 വോട്ടിന് കോൺഗ്രസിലെ സുനിൽ അന്തിക്കാടിനെ പരാജയപ്പെടുത്തിയത്. പഞ്ചായത്തിലെ ബലാബലം നിയമസഭയിലേക്കും പ്രതിഫലിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മണ്ഡലചരിത്രം
2011ൽ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കരുത്തനായ നേതാവ് അഡ്വ.കെ.പി.വിശ്വനാഥനെ തോൽപ്പിച്ചാണ് പ്രൊഫ.സി.രവീന്ദ്രനാഥ് എം.എൽ.എയായത്. തുടർന്ന് 2016ൽ നടന്ന പോരാട്ടത്തിൽ ഇപ്പോഴത്തെ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളിയെ പരാജയപ്പെടുത്തി. പിന്നീട് രവീന്ദ്രനാഥ് ഒന്നാം പിണറായി സർക്കാരിൽ വിദ്യാഭ്യാസമന്ത്രിയായി.
പുതുക്കാട് വോട്ട് കണക്ക്
- കെ.കെ. രാമചന്ദ്രൻ (സി.പി.എം): 73,365
- സുനിൽ അന്തിക്കാട് (കോൺഗ്രസ്): 46,012
- എ. നാഗേഷ് (ബി.ജെ.പി): 34,893
- നോട്ട: 1000
- രാജേഷ് അപ്പാൽ (സി.പി.ഐ എം.എൽ): 489
- പി.സി. പുഷ്പാകരൻ (ബി.എസ്.പി): 455