കേന്ദ്രത്തിന് രൂക്ഷ വിമർശനം, ഖമനേയി വധം: മൗനം നിഷ്പക്ഷതയല്ലെന്ന് കോൺ.

Wednesday 04 March 2026 12:59 AM IST

ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനേയിയുടെ വധത്തിൽ കേന്ദ്രം മൗനം പാലിക്കുന്നതിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. പ്രതികരിക്കാതിരിക്കുന്നത് നിഷ്പക്ഷതയല്ല,​

ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു.

സംഘർഷത്തെ അനുകൂലിക്കുന്ന നിലപാടാണിതെന്നും ദേശീയ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ സോണിയ കുറ്റപ്പെടുത്തി.

ചർച്ചകൾ നടക്കവേ രാഷ്ട്രത്തലവനെ കൊലപ്പെടുത്തിയത് അന്താരാഷ്ട്ര ബന്ധങ്ങളെ ബാധിക്കും. യു.എ.ഇയിൽ ഇറാൻ നടത്തിയ തിരിച്ചടിയെ മാത്രമാണ് പ്രധാനമന്ത്രി അപലപിച്ചത്. ഒരു വിദേശ നേതാവിനെ ലക്ഷ്യമിട്ടതിനെ അപലപിക്കാത്തത് നമ്മുടെ വിദേശനയത്തിന്റെ ദിശയെയും വിശ്വാസ്യതയെയും കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നു. ഇറാനെതിരായ ആക്രമണത്തിന് 48 മണിക്കൂർ മുമ്പ് പ്രധാനമന്ത്രി മോദി നടത്തിയ ഇസ്രയേൽ സന്ദർശനം അസ്വസ്ഥതയുണ്ടാക്കുന്നു. ഗാസയുമായി ബന്ധപ്പെട്ട് വിമർശന വിധേയമായ നെതന്യാഹു സർക്കാരിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യയുടെ ചേരി ചേരാ നയത്തിന് വിരുദ്ധമാണിത്. ഗ്ളോബൽ സൗത്തിന്റെ രക്ഷകനായി സ്വയം വാഴ്‌ത്തുന്ന ഇന്ത്യൻ നിലപാടിന് വിരുദ്ധമാണിത്. തങ്ങളുടെ പരമാധികാരം ചോദ്യം ചെയ്യപ്പെടുമ്പോൾ ഇടപെടാത്ത ഇന്ത്യയെ ഈ രാജ്യങ്ങൾ എങ്ങനെ വിശ്വസിക്കും. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാട് ഈ മാസം തുടങ്ങുന്ന പാർലമെന്റ് ബഡ്‌ജറ്റ് സമ്മേളനത്തിൽ ചർച്ച ചെയ്യണമെന്നും സോണിയ ആവശ്യപ്പെട്ടു.