അഞ്ചാം ദിനവും ഗൾഫ് വിമാനസർവീസുകളിൽ അനിശ്ചിതത്വം

Wednesday 04 March 2026 1:00 AM IST

വിവിധ വിമാനത്താവളങ്ങളിലായി 260ൽപ്പരം സ‌ർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി:പശ്ചിമേഷ്യയിലെ സംഘർഷം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ,ഗൾഫ് വിമാനസർവീസുകളിൽ അനിശ്ചിതത്വം തുടരുകയാണ്.ഇന്നലെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 260ൽപ്പരം സ‌ർവീസുകളാണ് റദ്ദാക്കിയത്.ദുബായ് തുടങ്ങി ചില റൂട്ടുകളിൽ ഇന്നലെ സർവീസുകൾനടന്നുവെങ്കിലും യാത്രക്കാർക്ക് ആശ്വാസമാകുന്ന നിലയിലായിട്ടില്ല.ഡൽഹി വിമാനത്താവളത്തിൽ 80 സർവീസുകൾ റദ്ദാക്കി.

മുംബയ് വിമാനത്താവളത്തിലെ 107ഉം, ബെംഗളൂരുവിൽ 42ഉം, ചെന്നൈ എയർപോർട്ടിൽ 30ൽപ്പരം സർവീസുകളും റദ്ദാക്കി.കേന്ദ്ര വ്യോമയാന മന്ത്രി കെ.രാംമോഹൻ നായിഡുവിന്റെ മേൽനോട്ടത്തിൽ സാഹചര്യം തുടർച്ചയായി വിലയിരുത്തുന്നുണ്ട്.യു.എ.ഇയിൽ കുടുങ്ങി കിടക്കുന്ന 164 മഹാരാഷ്ട്ര സ്വദേശികളെ തിരിച്ചെത്തിക്കാൻ സംസ്ഥാന സർക്കാർ രണ്ട് ചാർട്ടർ വിമാനങ്ങൾ ഏർപ്പാടാക്കി.

ആദ്യ ഇന്ത്യൻ വിമാനമെത്തി

സംഘർഷം ആരംഭിച്ച ശേഷം ഗൾഫിലെ യാത്രക്കാരുമായുള്ള ആദ്യ ഇന്ത്യൻ വിമാനം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തി.ഇന്നലെ രാവിലെ 10.58ഓടെയാണ് ദുബായിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ 149 യാത്രക്കാരും എട്ട് ജീവനക്കാരും അടക്കം 157 പേരുമായി എത്തിയത്. യാത്രക്കാർക്കൊപ്പമുള്ള പൈലറ്റുമാരുടെ ചിത്രം എയർ ഇന്ത്യ സാമൂഹികമാദ്ധ്യമത്തിൽ പങ്കുവച്ചു.ദുബായിൽ കുടുങ്ങികിടന്ന എയർ ഇന്ത്യ-എയർ ഇന്ത്യ എക്‌സ്‌പ്രസിലെ 143 വിമാന ജീവനക്കാരെ പുലർച്ചെ ഡൽഹിയിലെത്തിച്ചു.ദുബായിയിൽ നിന്ന് യാത്രക്കാരുമായി എമിറേറ്റ്സ് വിമാനം ഇന്നലെ പുലർച്ചെ ബെംഗളൂരുവിലും മുംബയിലുമെത്തി.സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് മുംബയ്, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താൻ ഇൻഡിഗോ തീരുമാനിച്ചു.

കേരളത്തിലേക്ക് പ്രത്യേക വിമാനം

യു.എ.ഇയിലെ ഫുജൈറയിൽ നിന്ന് ഡൽഹി,​ മുംബയ്,​ കൊച്ചി എന്നിവിടങ്ങളിലേക്ക് സ്‌പൈസ് ജെറ്റ് പ്രത്യേക വിമാനസർവീസുകൾ പ്രഖ്യാപിച്ചു. ഇന്നലെ ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക സർവീസ് സജ്ജീകരിച്ചു. ഫുജൈറയിൽ നിന്ന് ഡൽഹിയിലേക്കും, മുംബയിലേക്കും ഈസ് മൈ ട്രിപ്പ് പ്രത്യേക ചാർട്ടർ വിമാനങ്ങൾ പറത്തും.

പി.വി. സിന്ധു തിരികെയെത്തി

ദുബായിയിൽ കുടുങ്ങിയ ബാഡ്‌മിന്റൺ താരം പി.വി. സിന്ധു ബെംഗളൂരുവിൽ തിരിച്ചെത്തി.സുരക്ഷിതയായി വീട്ടിൽ മടങ്ങിയെത്തിയെന്ന് സിന്ധു എക്‌സ് അക്കൗണ്ടിൽ കുറിച്ചു. ദുബായ് അധികാരികൾക്കും, വിമാനത്താവള ജീവനക്കാർക്കും അടക്കം സിന്ധു നന്ദി പറഞ്ഞു.