 നതാൻസിൽ ആക്രമണം: ആശങ്കയായി ഇറാനിലെ ആണവ കേന്ദ്രങ്ങൾ

Wednesday 04 March 2026 7:09 AM IST

ടെഹ്‌റാൻ: യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിലെ നതാൻസ് ആണവ കേന്ദ്രത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി. നിലവിൽ റേഡിയേഷൻ ചോർച്ചയില്ല. ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ ശാലയായ നതാൻസിന് കഴിഞ്ഞ വർഷം ജൂണിലെ യു.എസ്-ഇസ്രയേൽ ആക്രമണത്തിലും നാശനഷ്ടമുണ്ടായിരുന്നു.

അതേസമയം,​ ഇറാനിലെ ബുഷെഹർ ആണവ നിലയം ഭീഷണിയിലാണെന്ന് റഷ്യൻ ആണവോർജ്ജ ഏജൻസി റൊസാറ്റം അറിയിച്ചു. നിലയത്തിന്റെ ഏതാനും കിലോമീറ്ററുകൾ അകലെ സ്ഫോടനമുണ്ടായി. നിലവിൽ പ്രവർത്തനം തുടരുന്ന ഇറാനിലെ ഏക ആണവ പവർപ്ലാന്റാണിത്. റഷ്യയിലുള്ള ഇന്ധനമാണ് ഇവിടെ ഉപയോഗിക്കുന്നത്. 200ഓളം റഷ്യക്കാർ ഇവിടെ ജോലി ചെയ്യുന്നു.

ന്യായീകരിച്ച് യു.എസും

ഇസ്രയേലും

ഇറാനിലെ ആക്രമണത്തെ ന്യായീകരിച്ച് യു.എസും ഇസ്രയേലും. 'ഇസ്രയേൽ ഇറാനെ ആക്രമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അങ്ങനെയെങ്കിൽ ഇറാന്റെ പ്രതികാരം തീർച്ചയായും യു.എസിനോടാകുമായിരുന്നു. ഈ അടിയന്തര ഭീഷണി കണക്കിലെടുത്താണ് യു.എസ് ആദ്യമേ ആക്രമണം നടത്തിയത്' -യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അവകാശപ്പെട്ടു. കൂടുതൽ മരണങ്ങളും നാശവും ഒഴിവാക്കാൻ യു.എസ് പ്രതിരോധപരമായി മുൻകൈ എടുത്തെന്നും റൂബിയോ കൂട്ടിച്ചേർത്തു.

അതേസമയം,ഇറാന്റെ ആണവ,ബാലിസ്റ്റിക് പദ്ധതികൾ ഏതാനും മാസങ്ങൾക്കുള്ളിൽ ആക്രമണ സജ്ജമാകുമെന്ന് കണ്ടെത്തിയതോടെയാണ് സൈനിക നടപടി ആരംഭിച്ചതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാൻ പുതിയ ഭൂഗർഭ ആണവ കേന്ദ്രങ്ങൾ നിർമ്മിച്ചു തുടങ്ങിയെന്നും നെതന്യാഹു അവകാശപ്പെട്ടു.

എഫ് -15 അപകടം: കുവൈറ്റിന്

സംഭവിച്ച അബദ്ധം

കുവൈറ്റിൽ കഴിഞ്ഞ ദിവസം യു.എസിന്റെ എഫ് -15 യുദ്ധവിമാനം തകർന്നത് കുവൈറ്റിന്റെ വ്യോമപ്രതിരോധ സംവിധാനം ശത്രുവിമാനമെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചതിനാലാണെന്ന് സ്ഥിരീകരിച്ചു. മറ്റ് രണ്ട് എഫ് -15 യുദ്ധവിമാനങ്ങളും സമാന രീതിയിൽ തകർന്നു. എല്ലാ പൈലറ്റുമാരും പരിക്കുകളോടെ രക്ഷപ്പെട്ടു.

അമേരിക്കൻ എണ്ണ

വാങ്ങാൻ ഇൻഡോനേഷ്യ

മിഡിൽ ഈസ്റ്റിലെ സംഘർഷ പശ്ചാത്തലത്തിൽ യു.എസിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുത്തനെ ഉയർത്താൻ ഇൻഡോനേഷ്യ. എൻ.എൻ.ജിയ്ക്കും അനുബന്ധ ഉത്പന്നങ്ങൾക്കും പിന്നാലെ യൂറിയ,പോളിമറുകൾ,മെഥനോൾ,അലൂമിനിയം തുടങ്ങിയവയുടെ ഉത്പാദനവും ഖത്തർ എനർജി നിറുത്തിവച്ചു. ക്രൂഡ് ഓയിൽ കയറ്റുമതിക്ക് ഹോർമുസ് കടലിടുക്ക് ഒഴിവാക്കിയുള്ള പാതകൾ പരിഗണനയിലുണ്ടെന്ന് സൗദിയുടെ അരാംകോ അറിയിച്ചു.

പ്രതിരോധം ശക്തമാക്കാൻ യൂറോപ്പ്

സൈപ്രസിലെ ബ്രിട്ടീഷ് എയർബേസിന് നേരെ ഡ്രോണാക്രമണമുണ്ടായ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പ്രതിരോധ നടപടികൾ ശക്തമാക്കിത്തുടങ്ങി. സൈപ്രസിലേക്ക് ഫ്രാൻസിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും ഒരു യുദ്ധക്കപ്പലും എത്തിക്കും. സൈപ്രസിലെ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് കരുതിയെങ്കിലും ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് നടത്തിയതാകാമെന്നാണ് പുതിയ നിഗമനം.

യുദ്ധ ഭൂമിയായി ലെബനൻ,

30,000 പേർ പലായനം ചെയ്തു

ഹിസ്ബുള്ള ഗ്രൂപ്പുമായി പോരാട്ടം തുടരുന്ന തെക്കൻ ലെബനീസ് പ്രദേശങ്ങളിൽ അതിർത്തി കടന്ന് ഇസ്രയേലി ടാങ്കുകൾ ആക്രമണം നടത്തി. 50 ലേറെ പ്രദേശങ്ങളിലെ ജനങ്ങളോട് അടിയന്തരമായി ഒഴിയാൻ ഇസ്രയേൽ നിർദ്ദേശിച്ചു. ഇതുവരെ 30,000 ലേറെ പേർ വീടുകളിൽ നിന്ന് പലായനം ചെയ്തു. വടക്കൻ ഇസ്രയേലിലെ റാമത്ത് ഡേവിഡ്,മെറോൺ ബേസുകളിലേക്കും ഗോലാൻ കുന്നുകളിലെ സൈനിക കേന്ദ്രത്തിന് നേരെയും ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തി. ആളപായമില്ല. ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലടക്കം ഇസ്രയേൽ തിരിച്ചടിച്ചു. അതേസമയം,ഹിസ്ബുള്ളയുടെ സൈനിക പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ ലെബനീസ് സർക്കാർ,ആയുധങ്ങൾ കണ്ടുകെട്ടാൻ സായുധ സേനയ്ക്ക് നിർദ്ദേശം നൽകി.

യു.എസ് ആക്രമണം നിറുത്തി ചർച്ചയ്ക്ക് തയ്യാറാകണം. സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവോർജ്ജം ഉപയോഗിക്കാനുള്ള അവകാശം ഇറാനുണ്ട്.

-ചൈന