ഇറാനിൽ നിർണായക രാഷ്‌ട്രീയ നീക്കം; ഖമനേയിയുടെ മകൻ മോജ്‌തബ ഖമനേയി രാജ്യം നയിക്കുമെന്ന് റിപ്പോർട്ട്

Wednesday 04 March 2026 8:56 AM IST

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ രാജ്യം രാഷ്‌ട്രീയ അനിശ്ചിതത്ത്വം നേരിടുന്നതിനിടെ നിർണായക നീക്കം. അയത്തുള്ള അലി ഖമനേയിയുടെ രണ്ടാമത്തെ‌ മകൻ മൊജ്‌തബ ഖമനേയിയെ രാജ്യത്തിന്റെ അടുത്ത പരമോന്നത നേതാവായി അസംബ്ലി ഒഫ് എക്‌സ്പേർട്ട് തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്. ഇറാൻ ഇന്റർനാഷണലും ഇസ്രായേലി മാദ്ധ്യമങ്ങളുമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്.

ഖമനേയിയുടെ മരണത്തിനു പിന്നാലെ തന്നെ ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരാകുമെന്ന ചോദ്യം വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട പേരുകളിലൊന്നാണ് ഖമനേയിയുടെ രണ്ടാമത്തെ മകൻ മൊജ്‌തബ ഖമനേയിയുടേത്. ഇറാന്റെ അധികാരമേഖലകളിൽ നിർണായക സ്വാധീനവും പരിചയവുമുള്ള വ്യക്തിയാണ് മൊജ്‌തബ ഖമനേയി. ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സിന്റെ (ഐആർ‌ജിസി) ശക്തമായ സമ്മർദത്തിന് വഴങ്ങിയാണ് പുരോഹിത സഭ മൊജ്‌തബയെ തിരഞ്ഞെടുത്തതെന്ന് പറയപ്പെടുന്നു. സൈന്യവുമായും ഐആർ‌ജിസിയുമായും അടുത്ത ബന്ധം പുലർത്തുന്ന മൊജ്‌തബ വർഷങ്ങളായി അയത്തുള്ള അലി ഖമനേയിയുടെ ഓഫീസിന്റെ പ്രവർത്തങ്ങൾ നിയന്ത്രിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.