'എന്താവുമെന്നോർത്ത്  ടെൻഷനാകും'; സഞ്ജു സാംസണിന്റെ നമ്പർ കിട്ടിയതിനെക്കുറിച്ച് ബേസിൽ ജോസഫ്

Wednesday 04 March 2026 11:59 AM IST

സമൂഹമാദ്ധ്യമങ്ങളടക്കം ഏറ്റെടുത്ത സൗഹൃദമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും നടനും സംവിധായകനുമായ ബേസിൽ ജോസഫും തമ്മിലുള്ളത്. സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് കടന്നപ്പോൾ ബേസിലും താരത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ആശംസകളറിയിച്ചിരുന്നു. ഇപ്പോഴിതാ സഞ്ജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് ഒരഭിമുഖത്തിൽ ബേസിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

'ഗോദ കഴിഞ്ഞപ്പോൾ തന്നെ സഞ്ജുവുമായി കണക്ഷനുണ്ടായിരുന്നു. ഒരു ദിവസം എയർപോർട്ടിൽ വച്ചാണ് പുള്ളിയെ മീറ്റ് ചെയ്യുന്നത്. അങ്ങനെ അവിടെവച്ച് സംസാരിച്ച് നമ്പർ കിട്ടി. പിന്നെ ഇടയ്ക്കിടയ്ക്ക് മെസേജ് അയക്കുമായിരുന്നു. കളി തുടങ്ങുമ്പോഴും കളി തീരുമ്പോഴും മെസേജ് അയയ്ക്കും.

എനിക്കെപ്പോഴും പുള്ളിയുടെ സ്റ്റൈൽ ഇഷ്ടമാണ്. പിന്നെ മലയാളി എന്നൊരു സ്‌നേഹവുമുണ്ട്. പുള്ളി എപ്പോൾ ബാറ്റ് ചെയ്യാൻ വന്നാലും എന്താവുമെന്നോർത്ത് ടെൻഷനാണ്. ഔട്ടാവല്ലേ എന്നുപ്രാർത്ഥിച്ച് ടെൻഷനടിച്ചാണ് കാണുന്നത്. പിന്നെ പുള്ളിക്കും സിനിമ ഇഷ്ടമാണ്. എന്റെ സിനിമകളും ഇഷ്ടമാണ്. 'ഗോദ' ഇഷ്ടമാണ് എന്ന് പറഞ്ഞിരുന്നു. പടയോട്ടത്തിലെ എന്റെ കഥാപാത്രവും സഞ്ജുവിന് വളരെ ഇഷ്ടമാണ്. ഫോൺ വിളിക്കുമ്പോൾ പടയോട്ടത്തിലെ എന്റെ കഥാപാത്രം സംസാരിക്കുന്നതുപോലെ സംസാരിക്കും.

പിന്നെ ഞങ്ങൾ രണ്ടുപേരും കൂടിയുള്ള ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നല്ലോ, അപ്പോൾ കുറെക്കൂടി ഡീറ്റെയിലായി സംസാരിച്ചു. അപ്പോഴാണ് രണ്ടുപേരും രണ്ട് ഇൻഡസ്‌ട്രിയിലാണെങ്കിലും കോമൺ ആയിട്ടുള്ള കാര്യങ്ങളുണ്ടെന്ന് മനസിലാക്കിയത്'- ബേസിൽ ജോസഫ് പറഞ്ഞു.