'ദിലീപ് നായകനായ മോസ് ആൻഡ് ക്യാറ്റിനുശേഷം സിനിമകൾ ചെയ്തില്ല'; കാരണം വെളിപ്പെടുത്തി നടി അശ്വതി അശോക്
2009ൽ തീയേറ്ററുകളിലെത്തിയ ദിലീപ് ചിത്രം 'മോസ് ആൻഡ് ക്യാറ്റിലൂടെ' മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അശ്വതി അശോക്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ താരം അവതാരകയായും മോഡലായും നിലയുറപ്പിച്ചിരുന്നു. ഗോഡ്ഫാദർ, പവിത്രം, എന്നോട് ഇഷ്ടം കൂടാമോ, മക്കൾ മാഹാത്മ്യം, ഗാന്ധാരി, കാബൂളിവാല, മാനത്തെ വെള്ളിത്തേര്, മഴയെത്തുമുൻപേ, കാണാക്കിനാവ് തുടങ്ങിയ സിനിമകളിൽ അശ്വതി ബാലതാരമായി അഭിനയിച്ചിരുന്നു. നടനും ബിസിനസുകാരനുമായ വിശാലാണ് അശ്വതിയുടെ പങ്കാളി. ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിൽ തന്റെ അഭിനയജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.
'സിനിമയിൽ നിലനിൽക്കണമെങ്കിൽ നമുക്ക് അതിനോട് പാഷൻ വേണം. അതിനായി കഠിനപ്രയത്നം ചെയ്യണം. ആ സമയത്ത് എനിക്കൊരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ സിനിമയെ എന്റെ ഭാവിയാക്കി മാറ്റാൻ ഞാൻ ശ്രമിച്ചില്ല. സിനിമ തിരഞ്ഞെടുത്ത് ചെയ്യണമെന്ന് അന്ന് പറഞ്ഞുതരാനും ആരുമില്ലായിരുന്നു. സിനിമയെ ഒരിക്കലും ഗൗരവത്തോടെ എടുത്തിരുന്നില്ല. അതുകൊണ്ടായിരിക്കും അഭിനയത്തിൽ തുടരാൻ സാധിക്കാത്തത്. നിവേദ്യം, ഗോൾ തുടങ്ങിയ വലിയ സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ഈ സിനിമകളുടെ സംവിധായകർ മനസിൽ കണ്ട രൂപമായിരുന്നില്ല എന്റേത്.
പക്ഷെ പല കാരണങ്ങൾ കൊണ്ടും അഭിനയിക്കാൻ സാധിക്കാതെ പോയി. മോസ് ആൻഡ് ക്യാറ്റിനുമുൻപും എനിക്ക് അവസരങ്ങൾ വന്നിരുന്നു. അതൊന്നും സ്വീകരിച്ചിരുന്നില്ല. മോസ് ആൻഡ് ക്യാറ്റിനുശേഷം വേറെ സിനിമകളൊന്നും ചെയ്തില്ല, വിവാഹശേഷം സിനിമയിൽ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല. പക്ഷെ കുട്ടികളായതിനുശേഷം സ്വന്തമായിട്ട് എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് ട്രാൻസ്ഫർമേഷൻ ചെയ്യാമെന്ന് തീരുമാനിച്ചത്. ഇനി സിനിമയിലേക്ക് തിരിച്ചുവരുമോയെന്ന് അറിയില്ല'- അശ്വതി അശോക് പറഞ്ഞു.