ഏഴ് ദിവസം നിര്‍ത്താതെ പറക്കാനുള്ള ശേഷി, ആണവാക്രമണവും ഏശില്ല, 'E-4B നൈറ്റ് വാച്ച്' എന്ന മഹാത്ഭുതം

Wednesday 04 March 2026 7:27 PM IST

'ഇറാന്‍ ആണവ ശക്തിയാകുന്നത് ലോകത്തിന് ഭീഷണിയാണ്' ആക്രമിക്കാനുള്ള പ്രധാന കാരണമായി അമേരിക്ക പറഞ്ഞുവയ്ക്കുന്നത് ഇങ്ങനെയൊന്നാണ്. സ്വതന്ത്ര ഇറാന്‍ എന്ന അമേരിക്ക മുന്നോട്ടുവയ്ക്കുന്ന സങ്കല്‍പ്പത്തിന് പിന്നില്‍ രാഷ്ട്രീയ കച്ചവട താത്പര്യങ്ങള്‍ വേറെയാണ് എന്ന വാദവും ശക്തമാണ്. ചരിത്രപരമായി ആ വാദത്തെ സാധൂകരിക്കുന്ന നിരവധി നടപടികള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഉണ്ടായിട്ടുമുണ്ട്.

ഇറാന്‍ ആണവശക്തിയായി മാറുന്നതാണ് അമേരിക്ക ഭയക്കുന്നതെങ്കില്‍ ഇപ്പോള്‍ പരമോന്നത നേതാവിനെ ഇല്ലായ്മ ചെയ്ത അമേരിക്ക - ഇസ്രയേല്‍ സഖ്യത്തിന് നേരെ ആണവായുധം പ്രയോഗിക്കാന്‍ ഇറാന്‍ നിര്‍ബന്ധിതരാകുമോ? ആണവാക്രമണമുണ്ടായാല്‍ അതിനെ ചെറുക്കാന്‍ അമേരിക്കയ്ക്ക് എന്ത് ചെയ്യാന്‍ കഴിയും. എല്ലാ രാജ്യങ്ങള്‍ക്കും ആണവ പ്രതിരോധ സംവിധാനമായി ഒരു ഷീല്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ടാകും. എന്നാല്‍ ലോകത്ത് മറ്റൊരു രാജ്യത്തിനും ഇല്ലാത്ത ഒരു ഷീല്‍ഡ് വിമാനമുണ്ട് അമേരിക്കയുടെ കയ്യില്‍. E-4B നൈറ്റ് വാച്ച് എന്നാണ് ഇതിന്റെ പേര്.

അമേരിക്കന്‍ പ്രസിഡന്റിനെ സംരക്ഷിക്കാനായിട്ടാണ E-4B നൈറ്റ് വാച്ച് എന്ന വിമാനം നിര്‍മിച്ചിട്ടുള്ളത്. നിരവധി പ്രത്യേകതകളാണ് ഈ വിമാനത്തിനുള്ളത്. ഒരു ഡൂംസ് ഡേ പ്ലെയിന്‍ ആണ് ഇത്. 112 പേര്‍ക്ക് മാത്രമേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയുകയുള്ളു. എന്നാല്‍ നാല് എഞ്ചിനുകളാണ് വിമാനത്തിനുള്ളത്. ഏഴ് ദിവസം വരെ നിര്‍ത്താതെ പറക്കാനുള്ള ശേഷിയും ഇ-4ബി ക്ക് സ്വന്തമാണ്. ഒരു മണിക്കൂര്‍ പറക്കാനുള്ള ചെലവ് വരുന്നത് 1.38 കോടി രൂപയാണ്. ഒരു ഫ്‌ളൈയിംഗ് വാര്‍ റൂം എന്ന വിശേഷണവും ഈ വിമാനത്തിനുണ്ട്. ഒരു കോണ്‍ഫറന്‍സ് റൂം, ബ്രീഫിംഗ് റൂം, ബാറ്റില്‍ സ്റ്റാഫ്‌റൂം എന്നിവയും ഈ വിമാനത്തിനുണ്ട്.