അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ ട്യൂഷൻ അദ്ധ്യാപകൻ പീഡിപ്പിച്ചുവെന്ന് എംബിബിഎസ് വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ,​ പ്രതിക്ക് 18 വർഷം കഠിനതടവ്

Wednesday 04 March 2026 8:23 PM IST

തിരുവനന്തപുരം:ട്യൂഷൻ അദ്ധ്യാപകൻ പീഡിപ്പിച്ചത് പതിനൊന്ന് വർഷത്തിന് ശേഷം അതിജീവിത വെളിപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് 18 വർഷം കഠിനതടവ്. മെഡിക്കൽ കോളേജ് സ്വദേശി സുബാഷ്‌ കുമാറിനെയാണ് (57) പതിനെട്ട് വർഷം കഠിനതടവിനും 35000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. അഞ്ചും ആറും ക്ലാസ്സിൽ പഠിക്കുമ്പോൾ നടന്ന പീഡനം എം.ബി.ബി.എസ് വിദ്യാർത്ഥിനിയായിരിക്കെയാണ് അതിജീവിത പുറത്ത് പറയുന്നത്.

2013 ൽ പെൺകുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ട്യൂഷൻ അദ്ധ്യാപകൻ ആയിരുന്ന പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയായിരുന്നു. 2014 ജനുവരി വരെ പ്രതി പലതവണ ഇത് ആവർത്തിച്ചു. ഇതിനെ തുടർന്ന് കുട്ടി ആറാം ക്ലാസ്സിൽ ട്യൂഷൻ നിർത്തി . പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല. സംഭവത്തിൽ ഭയന്ന് കുട്ടിയുടെ മനോനില തെറ്റി. പ്ലസ്ടു പഠനം ഒരു വർഷം നഷ്ടപ്പെട്ടു .പ്ലസ്ടു കഴിഞ്ഞപ്പോൾ പീഡന സംഭവം ഓർത്ത കുട്ടി അമിത ഭയവും ഒറ്റപ്പെട്ടു നിൽക്കുന്ന സ്വഭാവവും മാനസിക വിഭ്രാന്തിയും (പാനിക് ഡിസ്ഓർഡർ )കാണിച്ചു തുടങ്ങി. ഇത് കണ്ട വീട്ടുകാർ സൈക്കോളജിസ്റ്റിനെ കാണിച്ചു. കൊവിഡ് സമയം ആയതിനാൽ ഓൺലൈൻ ആയാണ് ചികിത്സ നേടിയത്. ആ സമയം അമ്മ കൂടെ ഉള്ളതിനാൽ കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല. മരുന്നുകൾ കഴിച്ചതിനെ തുടർന്ന് അസുഖം ഭേദം ആയിരുന്നു. കുട്ടിക്ക് എംബിബിഎസ് പഠനത്തിനായി അഡ്മിഷൻ കിട്ടി . ഹോസ്റ്റലിൽ താമസം തുടങ്ങി. ഈ സമയം പ്രതിയുടെ രൂപസാദൃശ്യം ഉള്ള ഒരാളെ ഹോസ്റ്റലിൽ വച്ച് കണ്ടപ്പോൾ മനോവിഭ്രാന്തി ഉണ്ടായതിനെ തുടർന്ന് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോൾ ആണ് പീഡന വിവരം പറയുന്നത്. ഡോക്ടറാണ് 2024 ൽ പൊലീസിൽ വിവരം അറിയിച്ചത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ,അഡ്വ .സുരഭി പി എന്നിവർ ഹാജരായി. സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ നിയാസ്. പി, മെഡിക്കൽ കോളേജ് സബ് ഇൻസ്‌പെക്ടർ വിഷ്ണു പി എൽ എന്നിവരാണ് കേസ് അന്വേഷിച്ചത്. പിഴ തുകയും കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.