പശ്ചിമേഷ്യ സംഘർഷം, ടോക്സിക് റിലീസ് ജൂൺ 4 ലേക്ക് മാറി
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ യഷ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ടോക്സിക്കിന്റെ ആഗോള റിലീസ് ജൂൺ 4ലേക്ക് മാറ്റിയതായി നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും അറിയിച്ചു.
നേരത്തേ മാർച്ച് 19ന് ആയിരുന്നു വേൾഡ് വൈഡ് പ്രീമിയർ. ചിത്രത്തിന്റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാർസ് ഫിലിംസിന്റെ നിർദ്ദേശപ്രകാരമാണ് റിലീസ് മാറ്രം. പ്രധാന വിപണികളിലൊന്നായ ഗൾഫ് മേഖലയിലുടനീളം നിലനിൽക്കുന്ന സംഘർഷങ്ങളും സിനിമാ പ്രദർശനങ്ങളെ ബാധിച്ചേക്കാമെന്ന സാഹചര്യവുമാണ് റിലീസ് തീയതി പുനഃക്രമീകരിക്കാൻ പ്രേരിപ്പിച്ചത്. മാർച്ച് 8ന് ബാംഗ്ലൂരിൽ ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ വൻ ട്രെയിലർ ലോഞ്ച് നടത്താൻ ഒരുങ്ങുകയായിരുന്നു. ആദ്യ സിംഗിൾ ആയ 'തബാഹി' മാർച്ച് 2ന് പുറത്തിറക്കാൻ സജ്ജമായിരുന്നെങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുത്ത് മ്യൂസിക് വീഡിയോ റിലീസ് ചെയ്തില്ല. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന " 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തും.