ശ്രീലങ്കൻ തീരത്ത് ഇറാന്റെ യുദ്ധക്കപ്പൽ തകർത്തെന്ന് സ്ഥിരീകരിച്ച് അമേരിക്ക,​ ദൃശ്യങ്ങൾ പുറത്തുവിട്ടു,​ 80 പേർ കൊല്ലപ്പെട്ടു

Wednesday 04 March 2026 8:55 PM IST

വാഷിംഗ്ടൺ: ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ഡെനയെ ഇന്ത്യൻ മഹാസമുദ്രത്തിൽ അന്തർവാഹിനി ഉപയോഗിച്ച് തകർത്തെന്ന് സ്ഥിരീകരിച്ച് അമേരിക്ക. കപ്പൽ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അമേരിക്ക എക്സിലൂടെ പുറത്തുവിട്ടു,​ പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്സേഥ് ആണ് കപ്പലിനെ ആക്രമിച്ച കാര്യം സ്ഥിരീകരിച്ചത്. ടോർപ്പിഡോ ഉപയോഗിച്ചാണ് ഇറാന്റെ കപ്പൽ തകർത്തത്. രാജ്യാന്തര സമുദ്രത്തിൽ വച്ചാണ് കപ്പൽ തകർത്തതെന്നും യു.എസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.

ഇന്ത്യൻ മഹാസമുദ്രത്തിൽ അന്താരാഷ്ട്ര ജലാശയങ്ങളിൽ സുരക്ഷിതമെന്ന് കരുതിയ ഇറാന്റെ യുദ്ധക്കപ്പലിനെ അമേരിക്കയുടെ അന്തർവാഹിനി ടോർപ്പിഡോ മുക്കിക്കളഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഒരു ശത്രുവിന്റെ കപ്പലിനെ ടോർപ്പിഡോ മുക്കുന്നത് ഇതാദ്യമാണ്. നമ്മൾ വിജയിക്കാൻ പോരാടുകയാണ്, പീറ്റർ ഹേഗ്‌സേഥ് പറഞ്ഞു. നിശ്ശബ്ദ മരണമെന്നാണ് ഹേഗ്‌സേഥ് ആക്രമണത്തെ വിശേഷിപ്പിച്ചത്.

ഇറാന്റെ യുദ്ധക്കപ്പലിന് നേർക്കുള്ള അമേരിക്കയുടെ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ മരണസംഖ്യ യു.എസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 32 പേരെ ശ്രീലങ്കൻ അധികൃതർ രക്ഷപ്പെടുത്തിയതായാണ് വിവരം. 78 പേർക്ക് പരിക്കേറ്റു. ഇതിൽ 32 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സൈന്യം 32 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണ്. ഏഴ് പേർക്ക് അതിവേഗം ചികിത്സ നൽകിയെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥനായ ഡോക്‌ടർ അനിൽ ജസിംഗെ അറിയിച്ചു