ആറളത്ത് ഓപ്പറേഷൻ ഗജമുക്തി ദൗത്യം തുടരുന്നു ഫാമിൽ നിന്ന് രണ്ട് കാട്ടാനകളെ കാടു കയറ്റി

Wednesday 04 March 2026 10:38 PM IST

ഇരിട്ടി:മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായുള്ള വനംവകുപ്പിന്റെ ഓപ്പറേഷൻ ഗജമുക്തി ദൗത്യത്തിന്റെ ഭാഗമായി ആറളം ഫാമിൽ നിന്നും രണ്ട് കാട്ടാനകളെ കൂടി വിജയകരമായി വനത്തിലേക്ക് തുരത്തി. ആറളം വൈൽഡ് ലൈഫ് വാർഡന്റെയും കൊട്ടിയൂർ റേഞ്ച് ഓഫീസറുടെയും നേതൃത്വത്തിലായിരുന്നു ഇന്നലെ രാവിലെ എട്ടരക്ക് ആറളം ഫാം ബ്ലോക്ക് ഏഴിലുള്ള വയനാടൻ കാടിന്റെ ഭാഗത്ത് നിന്ന് എലിഫന്റ് ഡ്രൈവ് ആരംഭിച്ചത്.

ദൗത്യം തുടങ്ങി അധികം വൈകാതെ തന്നെ രണ്ട് കാട്ടാനകളെ സംഘം കണ്ടെത്തി. ഉച്ചയ്ക്ക് മുമ്പായി ഇതിൽ ഒരു ആനയെ ഹെലിപ്പാട് ഭാഗത്തേക്ക് കടത്തിവിടാൻ സാധിച്ചെങ്കിലും രണ്ടാമത്തെ ആന തിരിഞ്ഞുപോയിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം ദൗത്യസംഘം തിരച്ചിൽ പുനരാരംഭിച്ചു. കഠിനശ്രമത്തിനൊടുവിൽ ഈ രണ്ട് ആനകളെയും താളിപ്പാറ വഴി കോട്ടപ്പാറ ഫെൻസിംഗ് കടത്തി ആറളം വന്യജീവി സങ്കേതത്തിലേക്ക് വിജയകരമായി തുരത്തി.

വിപുലമായ സന്നാഹങ്ങളോടെ ദൗത്യസംഘം

ദൗത്യത്തിൽ വനംവകുപ്പിലെ വിവിധ സെക്ഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വാച്ചർമാരും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 30 അംഗങ്ങളാണ് പങ്കെടുത്തത്. കീഴ്പ്പള്ളി, മണത്തണ, തോലമ്പ്ര, ആറളം സെക്ഷനുകളിലെയും ഇരിട്ടി, നരികടവ് സ്റ്റേഷനുകളിലെയും ജീവനക്കാർ ഡ്രൈവിംഗ് ടീമിന്റെ ഭാഗമായി. പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി നാല് വനംവകുപ്പ് വാഹനങ്ങളും പ്രദേശത്ത് വിന്യസിച്ചിരുന്നു.

സുരക്ഷ ഉറപ്പാക്കി വകുപ്പുകളുടെ ഏകോപനം

ജനങ്ങളുടെ സുരക്ഷയ്ക്ക് പൂർണ്ണ മുൻഗണന നൽകിയായിരുന്നു ഇന്നത്തെ ഓപ്പറേഷൻ. മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനായി ആറളം പഞ്ചായത്തിൽ നിയോഗിച്ചിട്ടുള്ള ലൈസൺ ഓഫീസർമാരുടെ നേതൃത്വത്തിൽ പോലീസ്, പഞ്ചായത്ത്, ടി.ആർ.ഡി.എം , ആരോഗ്യവകുപ്പ് എന്നിവയുമായി മികച്ച ഏകോപനം നടത്തിയാണ് ദൗത്യം പുരോഗമിച്ചത്. ആറളം സ്കൂൾ, ടി.ആർ.ഡി.എം മേഖലയിലെ താമസക്കാർ, വിദ്യാർത്ഥികൾ, ഫാം തൊഴിലാളികൾ, യാത്രികർ എന്നിവരുടെ സുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ലൈസൺ ഓഫീസർമാർ കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചാണ് ഇന്നത്തെ ഓപ്പറേഷൻ വൈകുന്നേരത്തോടെ അവസാനിപ്പിച്ചത്. അവശേഷിക്കുന്ന കാട്ടാനകളെ കണ്ടെത്തി തുരത്തുന്നതിനായുള്ള ദൗത്യം ഇന്നും വീണ്ടും പുനരാരംഭിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു