എസ്.എസ്.എൽ.സി: ശ്രീചിത്രാ ഹോമിൽ നിന്ന് ഇത്തവണ ഏഴുപേർ

Thursday 05 March 2026 1:33 AM IST

തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ ശ്രീചിത്രാ ഹോമിൽ നിന്ന് തയ്യാറെടുക്കുന്നത് ഏഴുപേർ. തൈക്കാട് ഗവ.മോഡൽ സ്കൂളിലെ അരവിന്ദ്,സൂര്യ,പാൽക്കുളങ്ങര എൻ.എസ്.എസ് സ്കൂളിലെ അനുപമ,ശ്രീലക്ഷ്മി,ധനുഷ,ഫോർട്ട് ഗേൾസ് മിഷൻ സ്കൂളിലെ വൈഗ,കോട്ടയ്ക്കകം ഗവ.സംസ്കൃത സ്കൂളിലെ ആദിത്യ ആർ. എന്നിവരാണ് പരീക്ഷ എഴുതുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ നേതൃത്വത്തിൽ ഡിസംബർ മുതൽ ആരംഭിച്ച 'നന്നായി പഠിക്കാം' പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. കൺവീനറും അദ്ധ്യാപകനുമായ ജെ.എം.റഹിം ആദ്യ പരീക്ഷയായ മലയാളത്തിൽ പരിശീലനം നൽകി. മുൻ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.എസ്.സുരേഷ് ബാബു,ഗാന്ധി പീസ് ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി വി.സുകുമാരൻ,ടി.എസ്.സുബ്രഹ്മണ്യം അയ്യർ,കൺവീനർ ജെ.എം.റഹിം തുടങ്ങിയവർ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. ഹോം സൂപ്രണ്ട് വി.ബിന്ദു കുട്ടികൾക്ക് പേനകൾ വിതരണം ചെയ്തു.