കരുമാടിയിൽ പമ്പിംഗ് തുടങ്ങി,​ കുടിവെള്ളം ഇന്നെത്തും

Wednesday 04 March 2026 11:45 PM IST

ആലപ്പുഴ: ദേശീയ പാത വികസനത്തിന്റെ ഭാഗമായി അമ്പലപ്പുഴ കച്ചേരി മുക്കിലെ പൈപ്പ് ലൈൻ കരുമാടി പ്ളാന്റുമായി ബന്ധിപ്പിക്കുന്ന

ജോലികൾ പൂർത്തിയായതോടെ,​ കരുമാടി പമ്പ് ഹൗസിൽ പമ്പിംഗ് പുനരാരംഭിച്ചു. ട്രീറ്റ് മെന്റ് പ്ലാനിലും നഗരത്തിലെ വിവിധ ഓവർ ഹെഡ് ടാങ്കുകളിലേക്കുള്ള പൈപ്പ് ലൈനുകളിലും വെള്ളം നിറയുന്ന ക്രമത്തിൽ

ഇന്ന് ഉച്ചയോടെ നഗരത്തിലും സമീപപഞ്ചായത്തുകളിലും കുടിവെള്ളമെത്തും.

ദേശീയപാതയ്ക്കടിയിലൂടെ പുതുതായി സ്ഥാപിച്ച 800 എം.എം ഡക്റ്റൈൽ അയൺ പൈപ്പ് പൈപ്പ് ലൈൻ കരുമാടി പ്ളാന്റിൽ നിന്നുള്ള മെയിൻ ലൈനുമായി ബന്ധിപ്പിക്കുന്ന ജോലികൾ ബുധനാഴ്ച ഉച്ചയോടെയാണ് പൂർത്തിയായത്. കഴിഞ്ഞ മൂന്നുദിവസത്തേക്കാണ് ജലവിതരണം നിർ‌ത്തിവച്ചത്. ഇതോടെ നഗരത്തിലെ പലഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. കരുമാടി പ്ളാന്റിൽ നിന്നുള്ള വെള്ളം എല്ലാ സംഭരണ കേന്ദ്രങ്ങളിലുമെത്തി വിതരണം സാധാരണനിലയിലെത്താൻ പത്തുമണിക്കൂറോളം എടുക്കുമെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ നൽകുന്ന വിവരം.

വിതരണം ചെയ്‌തത്

70 ടാങ്കറോളം വെള്ളം

നഗരസഭയും ഗ്രാമപഞ്ചായത്തുകളും കഴിഞ്ഞ മൂന്നുദിവസമായി ടാങ്കറുകളിൽ ജലവിതരണം നടത്തിയത് ആശ്വാസമായെങ്കിലും പലപ്രദേശങ്ങളിലും വെള്ളം ലഭിക്കാതെ ജനങ്ങൾ കഷ്ടപ്പെട്ടു. ജലത്തിന്റെ ദുരുപയോഗം തടയാൻ ക‌ർശനമായ നിയന്ത്രണമാണ് നഗരസഭയും പഞ്ചായത്തുകളും ഏർപ്പെടുത്തിയിരുന്നത്. വഴിച്ചേരി,പഴവങ്ങാടി ക്വാർട്ടേഴ്സ്,ചന്ദനക്കാവ് ക്വാർട്ടേഴ്സ്, കാപ്പിൽമുക്ക്,അമ്പലപ്പുഴ സൗത്ത്,കരുമാടി ട്രീറ്റ് മെന്റ് പ്ളാന്റ് എന്നിവിടങ്ങളിൽ

നിന്ന് കഴിഞ്ഞ മൂന്നുദിവസമായി 70 ടാങ്കറോളം വെള്ളമാണ് നഗരത്തിലും സമീപ പഞ്ചായത്തുകളിലും വിതരണം ചെയ്തത്. ഇന്ന് ഉച്ചയോടെ ജല വിതരണം സാധാരണ നിലയിലായാൽ ദിവസങ്ങളായി നേരിടുന്ന ദുരിതത്തിന് പരിഹാരമാകും.