നെൽകർഷകർക്ക് ആശ്വാസം,​ പമ്പിംഗ് സബ്സിഡി കുടിശിക 20.67കോടി അനുവദിച്ചു

Thursday 05 March 2026 8:48 AM IST

ആലപ്പുഴ: നെൽക‌ർഷകർക്ക് കുടിശികയായിരുന്ന പമ്പിംഗ് സബ്സിഡി തുക അനുവദിച്ച് സർക്കാർ ഉത്തരവായി. പമ്പിംഗ് സബ്സിഡി കുടിശികയിനത്തിൽ കോടികൾ ലഭിക്കാനുള്ളതിനാൽ കർഷകരുടെ ദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി ഫെബ്രുവരി 17ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

പുഞ്ച പമ്പിംഗ് സബ്‌സിഡി ഇനത്തിൽ 20,67,53,780 (ഇരുപത് കോടി അറുപത്തിയേഴ് ലക്ഷത്തി അമ്പത്തിമൂവായിരത്തി എഴുന്നൂറ്റി എൺപത്) രൂപ സർക്കാർ അനുവദിച്ചതായാണ് കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചിരിക്കുന്നത്. 2026 മാർച്ച് 31 വരെയുള്ള കുടിശിക തുക തീർപ്പാക്കുന്നതിനായി കാർഷിക അഭിവൃദ്ധി ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതോടെ, ജില്ലയിലെ ഉൾപ്പെടെ ആയിരക്കണക്കിന് കർഷകർക്ക് പമ്പിംഗ് സബ്‌സിഡി കുടിശിക ഉടൻ ലഭ്യമാകും. പുഞ്ച സ്പെഷ്യൽ ഓഫീസ് വഴിയാണ് പാടശേഖര സമിതികൾക്ക് തുക കൈമാറുന്നത്. പുഞ്ച കൃഷിക്ക് ഏക്കറിന് 1,​800 രൂപയും വിരിപ്പ് കൃഷിക്ക് ഏക്കറിന് 1,​900 രൂപയും എന്ന നിരക്കിലാണ് ഫണ്ട് വിതരണം. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിൽ പാടശേഖരങ്ങളിൽ വെള്ളം കയറ്റിയും ഇറക്കിയും ജലനിരപ്പ് കൃത്യമായി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പഴയകാലത്ത് 'പെട്ടിയും പറയും' ഉപയോഗിച്ചാണ് ജലം ഒഴുക്കിയിരുന്നതെങ്കിൽ, നിലവിൽ മോട്ടോർ പമ്പുകൾ വഴിയായിരുന്നു ജലനിയന്ത്രണം നടത്തുന്നത്. പാടശേഖര സമിതികളുടെ നേതൃത്വത്തിൽ പമ്പിംഗ് കോൺട്രാക്ടർമാർ മുഖേന വിവിധയിടങ്ങളിൽ പമ്പുകൾ സ്ഥാപിക്കുകയും അവ പ്രവർത്തിപ്പിക്കാൻ ഓപ്പറേറ്റർമാരെ നിയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതിനായി വരുന്ന ഭാരിച്ച സാമ്പത്തിക ചെലവ് പരിഗണിച്ച്, കർഷകരെ സഹായിക്കാനാണ് സർക്കാർ സബ്‌സിഡി അനുവദിക്കുന്നത്.