വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അദ്ധ്യാപകന് 18 വർഷം തടവ്
തിരുവനന്തപുരം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അദ്ധ്യാപകന്,18 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ.മെഡിക്കൽ കോളേജ് സ്വദേശി സുബാഷ് കുമാറിനെയാണ് (57) പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.പീഡനം നടന്ന് 11വർഷത്തിന് ശേഷമാണ് പെൺകുട്ടി വിവരം പുറത്തുപറഞ്ഞത്. അഞ്ചും ആറും ക്ലാസിൽ പഠിക്കുമ്പോൾ നടന്ന പീഡനം എം.ബി.ബി.എസ് വിദ്യാർത്ഥിയായിരിക്കെയാണ് പുറത്തുപറയുന്നത്.
2013 - 2014ൽ പലതവണ കുട്ടി പീഡനത്തിന് ഇരയായി. പീഡനം അസഹനീയമായപ്പോൾ കുട്ടി ട്യൂഷൻ നിറുത്തി.പ്രതി ഭീഷണിപ്പെടുത്തിയതിനാൽ വിവരം പുറത്തുപറഞ്ഞില്ല. സംഭവത്തിൽ ഭയന്ന് കുട്ടിയുടെ മനോനില തെറ്റി.പ്ലസ്ടു പഠനം ഒരു വർഷം നഷ്ടപ്പെട്ടു.കുട്ടിക്ക് അമിത ഭയവും മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന സ്വഭാവവും, മാനസിക വിഭ്രാന്തിയുമുണ്ടായി.തുടർന്ന് വീട്ടുകാർ കുട്ടിയെ സൈക്കോളജിസ്റ്റിനെ കാണിച്ചെങ്കിലും,അമ്മ ഒപ്പമുണ്ടായിരുന്നതിനാൽ വിവരം പറഞ്ഞില്ല.
മരുന്നുകൾ കഴിച്ച് അസുഖം ഭേദമായ കുട്ടിക്ക് പിന്നീട് എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചു.എന്നാൽ അടുത്തിടെ പ്രതിയുമായി രൂപ സാദൃശ്യമുള്ള ഒരാളെ ഹോസ്റ്റലിന് സമീപം കണ്ടപ്പോൾ കുട്ടിക്ക് വീണ്ടും മാനസിക വിഭ്രാന്തിയുണ്ടായി.ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പറയുന്നത്. ഡോക്ടറാണ് 2024ൽ പൊലീസിൽ വിവരമറിയിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.