ബുള്ളറ്റിലും കറുത്ത കാറിലും എത്തി, പട്ടാപ്പകല്‍ സൂസന്നയും സംഘവും കാണിച്ച് കൂട്ടിയത്

Thursday 05 March 2026 12:56 AM IST

തൃശൂര്‍: കണിമംഗലത്തുള്ള സ്പാ ഉടമയായ 57കാരിയെ വീട്ടില്‍ കയറി കെട്ടിയിട്ട് സ്വര്‍ണാഭരണവും പണവും മൊബൈലും കവര്‍ന്ന യുവതികളടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ സൂസന്ന എയ്ഞ്ചല്‍ (22), സ്റ്റീഫന്‍ രാജ് (27), സൂര്യ (26), ഫെഡറിക് (33), ധനലക്ഷ്മി (30), ഷേര്‍ളി (22), സുചിത (25) എന്നിവരെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തൃശൂര്‍ സിറ്റി പൊലീസ് പിടികൂടിയത്.

ഇന്നലെ പുലര്‍ച്ചെ പൊലീസിന് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. കെട്ടിയിട്ട്, ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണവും പണവും കൈവശപ്പെടുത്തിയെന്ന സ്പാ ജീവനക്കാരിയുടെ ഫോണ്‍ സന്ദേശം ലഭിച്ച ഉടനെ നൈറ്റ് പട്രോളിംഗ് ഓഫീസറായ അസിസ്റ്റന്റ് കമ്മിഷണര്‍ ശശിധരന്റെ നേതൃത്വത്തില്‍ എല്ലാ പട്രോളിംഗും വാഹനപരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് പട്ടിക്കാട് വച്ചാണ് സംഘത്തെ പിടികൂടിയത്.

സ്പാ ഉടമസ്ഥയെ കയറുകൊണ്ട് കെട്ടിയും സഹജീവനക്കാരെ റൂമില്‍ പൂട്ടിയിട്ടും ദേഹോപദ്രവം ചെയ്ത് ഭീഷണിപ്പെടുത്തി അഞ്ച് മൊബൈല്‍ ഫോണും ഒരു പവനോളം വരുന്ന ആഭരണങ്ങളും വീട്ടിലെ അലമാരയില്‍ ഉണ്ടായിരുന്ന 42,000 രൂപയും അനിതയുടെ ഗൂഗിള്‍ പേയില്‍ നിന്ന് 20,000 രൂപയും തട്ടിയെടുക്കുകയായിരുന്നു. കര്‍ണാടക രജിസ്ട്രേഷന്‍ വാഹനങ്ങളായ കറുത്തനിറത്തിലുള്ള കാറിലും ബുള്ളറ്റിലുമായി മൂന്ന് സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡേഴ്സും അടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്.

ഇതില്‍ പ്രതിയായ ആഞ്ജലീയ എന്ന യുവതി സ്പാ ഉടമസ്ഥ നടത്തിവന്നിരുന്ന സ്പായിലെ മുന്‍ ജീവനക്കാരിയായിരുന്നു. കണിമംഗലം സ്വദേശിയായ സ്പാ ജീവനക്കാരിയുടെ കൂടെ മൂന്ന് സ്ത്രീകളും സ്പാ ജീവനക്കാരായി താമസിച്ചുവന്നിരുന്നു. ഈ വീട്ടിലേക്കാണ് പെപ്പര്‍ സ്പ്രേയും ആയുധവുമായി പ്രതികള്‍ അതിക്രമിച്ചുകയറിയത്. പിന്നീട് വനിതകളെ ഭീഷണിപ്പെടുത്തി പ്രതികള്‍ വാഹനത്തില്‍ രക്ഷപ്പെട്ട് പോകുകയായിരുന്നു. പരിശോധനയില്‍ നഷ്ടപ്പെട്ട ഫോണും കണ്ടെടുത്തു. പ്രതികളെ കുറിച്ചും മറ്റും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷര്‍ നകുല്‍ ആര്‍.ദേശ്മുഖ് അറിയിച്ചു.