ഡി.എം.കെ - കോൺ സഖ്യം: തമിഴ്നാട് നിയമസഭയിൽ കോൺഗ്രസിന് 28 സീറ്രുകൾ

Thursday 05 March 2026 1:10 AM IST

ചെന്നൈ: സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള ഡി.എം.കെയുടെയും കോൺഗ്രസിന്റെയും തർക്കം പരിഹരിച്ചു. ഡി.എം.കെ സഖ്യത്തിൽ കോൺഗ്രസിന് 28 നിയമസഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റും അനുവദിച്ചു.

മുന്നണി അധികാരത്തിലെത്തിയാൽ ഭരണ പങ്കാളിത്തം ആവശ്യപ്പെടുന്ന കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ 39 സീറ്റുകളും 2 രാജ്യസഭാ സീറ്റുകളും ലഭിക്കണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു. എന്നാൽ അത്രയും സീറ്റുകൾ നൽകാൻ കഴിയില്ലെന്നും 25+1 നൽകാൻ കഴിയൂവെന്ന നിലപാടിൽ ഡി.എം.കെ ഉറച്ചു നിന്നു.

ചൊവ്വാഴ്ചയും ഇന്നലേയുമായി നടന്ന ചർച്ചയിലാണ് ധാരണയിലെത്തിയത്. കോൺഗ്രസിനു വേണ്ടി മുൻ കേന്ദ്രമന്ത്രി പി. ചിദംബരവും തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെൽവപ്പെരുന്തകൈയും മുഖ്യമന്ത്രി സ്റ്റാലിൻ, ‌ഡി.എം.കെ പാർലമെന്റ് കക്ഷി നേതാവ് കനിമൊഴി എന്നിവരുമായാണ് ചർച്ച നടത്തിയത്.

ഉടനെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണം നൽകാമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന് ഉറപ്പ് ലഭിച്ചത്. 2028ൽ ഒഴിവു വരുന്ന ഒരു രാജ്യസഭാ സീറ്റുകൂടി കോൺഗ്രസ് നേതൃത്വം ചോദിച്ചിട്ടുണ്ട്. അക്കാര്യം പിന്നീട് ചർച്ച ചെയ്യാമെന്നാണ് ഡി.എം.കെ നേതാക്കൾ അറിയിച്ചു. ഇരുപാർട്ടികളും തമ്മിൽ ഒപ്പുവച്ച കരാറിൽ 28 നിയമസഭാ സീറ്റ് ഒരു രാജ്യസഭാ സീറ്റ് എന്നിവയാണ് കോൺഗ്രസിന്. കഴിഞ്ഞ തവണ 25 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്.

''ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യത്തിലൂടെ മാത്രമേ കോൺഗ്രസിന് നിയമസഭയിൽ പ്രവേശിക്കാൻ കഴിയൂ. കോൺഗ്രസിന് ഈ വസ്തുത നന്നായി അറിയാം.'' - എസ്.രഘുപതി, മന്ത്രി ഡി.എം.കെ നേതാവ് (പുതുക്കോട്ടയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്)