മഹാവികാസ് അഗാഡിയിൽ സമവായം ശരത് പവാർ രാജ്യസഭയിലേക്ക്

Thursday 05 March 2026 1:18 AM IST

ന്യൂഡൽഹി: എൻ.സി.പി(എസ്.പി) നേതാവ് ശരത് പവാറിനെ മഹാരാഷ്ട്രയിൽ ഒഴിവുവരുന്ന ഏഴ് സീറ്റുകളിലൊന്നിൽ മത്സരിക്കാൻ പ്രതിപക്ഷ മഹാവികാസ് അഗാഡിയിൽ ധാരണ. 10 സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്ക് 16ന് നടക്കുന്ന തിരഞ്ഞെടുപ്പിന് പത്രിക നൽകാനുള്ള അവസാന ദിവസമാണ് ഇന്ന്.

നിലവിൽ രാജ്യസഭാംഗമായ ശരത് പവാർ ആരോഗ്യകാരണങ്ങളാൽ വിട്ടുനിന്നേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ,ഈ സീറ്റിൽ മറ്റാരെയെങ്കിലും നിറുത്തിയാൽ ജയ സാദ്ധ്യത കുറവാണ്. ഇതോടെയാണ് എൻ.സി.പി (എസ്.പി) നേതൃത്വം ഇടപെട്ട് ഘടകകക്ഷികളായ കോൺഗ്രസും ശിവസേനയുമായും (ഉദ്ധവ്) ചർച്ച തുടങ്ങിയത്. മഹാരാഷ്‌ട്രയിൽ ഒഴിവു വരുന്ന ഏഴ് സീറ്റുകളിൽ നിയമസഭയിലെ സീറ്റുകൾ പ്രകാരം ഭരണകക്ഷിയായ മഹായുതിക്ക് ആറ് സ്ഥാനാർത്ഥികളെ ജയിപ്പിക്കാനാകും. ശരത് പവാർ പത്രിക നൽകിയില്ലെങ്കിൽ ഭരണപക്ഷമായ മഹായുതി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുമിടയുണ്ട്.

വിനോദ് താവ്‌ഡെ

രാജ്യസഭയിലേക്ക്

മഹാരാഷ്‌ട്രയിലുള്ള രാജ്യസഭാ സ്ഥാനാർത്ഥികളായി ബി.ജെ.പി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ,കേന്ദ്രമന്ത്രിയും ആർ.പി.ഐ നേതാവുമായ രാംദാസ് അത്താവ്‌ലെ,നാഗ്‌പൂർ മുൻ മേയറും ആദിവാസി വനിതാ നേതാവുമായ മായ ഇൻവതെ,മുതിർന്ന നേതാവ് രാംറാവു വാദ്കുതെ എന്നിവരെ ബി.ജെ.പി പ്രഖ്യാപിച്ചു.

ബീഹാർ ചുമതലയുള്ള താവ്‌ഡെയ്‌ക്ക് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനുള്ള നേതൃത്വത്തിന്റെ സമ്മാനമായി രാജ്യസഭാംഗത്വം കണക്കാക്കാം. അന്തരിച്ച മുൻ ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന്റെ മകൻ പാർത്ഥ് പവാർ ഒരു സീറ്റിലേക്ക് നോമിനേഷൻ നൽകിയേക്കും.