വിജയിയുടെ റാലിയിൽ വീണ്ടും അപകടം: 6 പേർക്ക് പരിക്കേറ്റു

Thursday 05 March 2026 1:18 AM IST

ചെന്നൈ: നടനും ടി.വി.കെ അദ്ധ്യക്ഷനുമായ വിജയിയുടെ റാലിയിൽ വീണ്ടും അപകടം. തഞ്ചാവൂരിൽ ഇന്നലെ നടന്ന റാലിയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്. വിജയുടെ വാഹനം പിന്തുടരുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കിൽ നിന്ന് വീണ പി. വിഘ്നേഷ് എന്ന ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയ്ക്കാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുച്ചിയിൽ നിന്ന് തഞ്ചാവൂരിലെ ചെങ്കിപ്പട്ടിയിലേക്ക് ഒരു പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു വിജയ്. ആരാധകർ ഇരുചക്രവാഹനങ്ങളിൽ അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടരുകയായിരുന്നു. കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ റാലിയ്ക്ക് പിന്നാലെ കഴിഞ്ഞ മാസം സേലത്ത് നടന്ന റാലിയിലും തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചിരുന്നു.