പഹൽഗാം ആക്രമണം ക്യാമറ: ചൈനയ്‌ക്ക് കത്തയക്കാൻ എൻ.ഐ.എ

Thursday 05 March 2026 1:26 AM IST

ന്യൂഡ‌ൽഹി: പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 'ഗോപ്രോ ഹീറോ 12' ക്യാമറയുടെ ഉടമയെ കണ്ടെത്താൻ നീക്കം ഊർജ്ജിതമാക്കി എൻ.ഐ.ഐ. ചൈനയിലെ ജുഡിഷ്യൽ സംവിധാനത്തിന്റെ സഹായം തേടി കത്തയക്കും. ദേശീയ അന്വേഷണ ഏജൻസിയുടെ ഇതിനായുള്ള അപേക്ഷ,​പഹൽഗാം കേസ് പരിഗണിക്കുന്ന ജമ്മുവിലെ പ്രത്യേക കോടതി കഴിഞ്ഞദിവസം അംഗീകരിച്ചതോടെയാണിത്. ഭീകരരുടെ തയ്യാറെടുപ്പുകൾ,സഞ്ചരിച്ച വഴികൾ,ഗൂഢാലോചന തുടങ്ങിയവ കണ്ടെത്താൻ ക്യാമറയുമായി ബന്ധപ്പെട്ട അന്വേഷണം നിർണായകമാണെന്നാണ് എൻ.ഐ.എ വിലയിരുത്തൽ. ക്യാമറ വാങ്ങിയ ആൾ,മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ?,സാങ്കേതിക വിവരങ്ങൾ തുടങ്ങിയവ ആവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേന ചൈനയ്‌ക്ക് കത്തയക്കുന്നത്. ചൈനയിലെ ഡോംഗ്വാൻ മേഖലയിൽ 2024 ജനുവരി 30നാണ് ക്യാമറ ആദ്യം ആക്‌ടിവേറ്റായത്. 2025 ഏപ്രിൽ 22നായിരുന്നു ഭീകരാക്രമണം. നെതർലൻഡ്സിലെ ഗോപ്രോ കമ്പനിയെ അന്വേഷണസംഘം സമീപിച്ചിരുന്നെങ്കിലും വിവരങ്ങൾ സൂക്ഷിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്.