'ഇറാനെ ആക്രമിക്കാൻ അമേരിക്ക ഉപയോഗിക്കുന്നത് ഇന്ത്യൻ തുറമുഖങ്ങൾ'; പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ഇറാനെ ആക്രമിക്കുന്നതിനായി ഇന്ത്യൻ തുറമുഖങ്ങളാണ് അമേരിക്ക ഉപയോഗിക്കുന്നതെന്ന വാദം തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അമേരിക്കൻ മുൻ സൈനികൻ കേണൽ ഡഗ്ളാസ് മാക്‌ഗ്രിഗർ ഒരു അമേരിക്കൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വിവാദമായതിനുപിന്നാലെയാണ് വിശദീകരണം. ഇറാനെതിരായുള്ള യുദ്ധത്തിൽ ഇന്ത്യൻ നാവിക താവളങ്ങൾ അമേരിക്ക ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കേണൽ ഡഗ്ളാസ് അഭിമുഖത്തിൽ പറഞ്ഞത്.
'നമ്മുടെ എല്ലാ താവളങ്ങളും നശിപ്പിക്കപ്പെട്ടു. തുറമുഖ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെട്ടു. ഇതോടെ വീണ്ടും ഇന്ത്യയെയും ഇന്ത്യൻ തുറമുഖങ്ങളെയും ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. ഇങ്ങനെയാണ് നാവികസേന പറയുന്നത്'- എന്നായിരുന്നു അഭിമുഖത്തിൽ അമേരിക്കൻ മുൻ സൈനികൻ പറഞ്ഞത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്‌ട്‌ചെക്ക് അക്കൗണ്ടിലാണ് അമേരിക്കയെ തള്ളിയുള്ള പ്രതികരണമുണ്ടായത്.
യുഎസ് നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നതായി അമേരിക്കൻ ചാനലിൽ വന്ന വാദങ്ങൾ വ്യാജവും തെറ്റായതുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ പരാമർശങ്ങൾക്കെതിരെ ജാഗരൂകരായിരിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Fake News Alert! Claims being made on OAN, a US based channel that Indian ports are being used by the US Navy are fake and false. We caution you against such baseless and fabricated comments. pic.twitter.com/xiFWnkoXBk
— MEA FactCheck (@MEAFactCheck) March 4, 2026