ബീഹാറിൽ ബിജെപിയുടെ സ‌ർപ്രൈസ് മുഖ്യമന്ത്രിയോ?​ ആരാകും നിതീഷ് കുമാറിന് പകരക്കാരൻ

Thursday 05 March 2026 11:01 AM IST

ന്യൂഡൽഹി: ബീഹാറിലെ മുതിർന്ന ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി പദം രാജിവയ്ക്കുമെന്ന സൂചനകൾ ഇന്നലെ വൈകിയാണ് പുറത്തുവന്നത്. രാജ്യസഭയിലേക്ക് മത്സരിക്കാനായാണ് അദ്ദേഹം മുഖ്യമന്ത്രി പദം രാജിവയ്ക്കുന്നത്. പകരം ബിജെപിയായിരിക്കും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുക. ശിവസേന മുഖ്യമന്ത്രി പദം കൈകാര്യം ചെയ്യുന്ന മഹാരാഷ്ട്രയില്‍ ബിജെപി ഒന്നാം സ്ഥാനത്തേക്ക് എത്തിയതുപോലെ ബീഹാറിലും മുഖ്യമന്ത്രി പദം ബിജെപിയിലേക്ക് എത്തുകയാണ്.

മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കുന്നതിനോടൊപ്പം ഉപമുഖ്യമന്ത്രിയായി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. രാത്രി ഏറെ വൈകിയും പാട്നയിൽ തുടർച്ചയായി ചർച്ചകൾ നടന്നിരുന്നു. നിതീഷ് കുമാർ മാറുന്നതിൽ ജെഡിയുവിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിതീഷ് കുമാറിന്റെ മകന് പുറമെ ജെഡിയുവിൽ നിന്ന് ഒരു ഉപമുഖ്യമന്ത്രി കൂടി ഉണ്ടാകും എന്നും റിപ്പോർട്ടുകളുണ്ട്.

രാജ്യസഭയിലേക്ക് മത്സരിക്കാൻ നിതീഷ് കുമാർ ഇന്ന് പത്രിക നൽകുമെന്നാണ് വിവരം. രാവിലെ പതിനൊന്നരയോടെ നിതീഷ് നിയമസഭയിലെത്തിയാണ് പത്രിക സമർപ്പിക്കുക. മറ്റൊരു ജെഡിയു നേതാവായ രാംനാഥ് താക്കൂറും പത്രിക സമർപ്പിക്കും. പത്രികാസമർപ്പണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉണ്ടാകുമെന്നും വിവരങ്ങളുണ്ട്. പിന്നാലെ അമിത് ഷായും, നിതീഷ് കുമാറും, എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ചകൾ നടക്കും. രാജ്യസഭാ പ്രവേശനം നിതീഷിന്റെ പൂർണസമ്മതത്തോടെയാണെന്നാണ് ജെഡിയു നേതാക്കൾ പറയുന്നത്. നിതീഷ് ആവശ്യപ്പെടുന്നത് എല്ലാം നടക്കുമെന്നും ഈ തീരുമാനം അദ്ദേഹം ഒറ്റയ്ക്ക് എടുത്തതാണ് എന്നുമാണ് മുതിർന്ന നേതാവും മന്ത്രിയുമായ വിജയ് കുമാർ ചൗധരി പറഞ്ഞത്.

കഴിഞ്ഞ നവംബറിൽ നടന്ന ബീഹാർ നിയമസഭാതിരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് എൻഡിഎ സഖ്യം നേടിയത്. 200ലധികം സീറ്റുകളിൽ വിജയിച്ച സഖ്യം നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടാണ് പ്രചാരണവും നടത്തിയത്. ഈ തന്ത്രം ഫലിക്കുകയും മികച്ച ഫലം നേടുകയും ചെയ്തിരുന്നു. സഖ്യത്തിൽ ബിജെപി മാത്രം 89 സീറ്റുകളാണ് നേടിയത്. സഖ്യത്തിലെ മറ്റ് കക്ഷികളും മികച്ച ഫലം തന്നെ നേടി. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തിപാർട്ടി രാംവിലാസ് 19 സീറ്റുകൾ നേടിയപ്പോൾ മറ്റൊരു കേന്ദ്ര മന്ത്രിയായ ജിതിൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാൻ അവാം മോർച്ച അഞ്ച്‌ സീറ്റുകളും രാജ്യസഭാ എംപി ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന രാഷ്ട്രീയ ലോക് മോർച്ച നാല് സീറ്റും നേടിയിരുന്നു.

മാർച്ച് 16 ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെന്ന് ജെഡിയു വൃത്തങ്ങൾ അറിയിച്ചു. അതേസമയം, നിതീഷ് കുമാറിന് പകരം ഏത് ബിജെപി നേതാവാണ് മുഖ്യമന്ത്രിയാകുക എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ബീഹാറിലെ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, മന്ത്രി ദിലീപ് കുമാർ ജയ്‌സ്വാൾ എന്നിവർ ബിജെപിയുടെ സാദ്ധ്യതാ പട്ടികയിലുണ്ട്.

ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന സാമ്രാട്ട് ചൗധരി ബീഹാറിലെ ഏറ്റവും സ്വാധീനമുള്ള ബിജെപി നേതാക്കളിൽ ഒരാളാണ്. മുൻ സംസ്ഥാന പാർട്ടി മേധാവിയായിരുന്നു അദ്ദേഹം. മുൻ ബീഹാർ ബിജെപി മേധാവി കൂടിയായ നിത്യാനന്ദ് റായ് മൂന്ന് തവണ എംപിയും മുൻ എംഎൽഎയുമാണ്. ജയ്‌സ്വാൾ മൂന്ന് തവണ നിയമസഭാ കൗൺസിൽ അംഗവും ബീഹാർ ബിജെപി അദ്ധ്യക്ഷനുമാണ്. ദിഘ എംഎൽഎ സഞ്ജീവ് ചൗരസ്യയുടെ പേര് അടുത്ത ബീഹാർ മുഖ്യമന്ത്രി സാദ്ധ്യതാ പട്ടികയിൽ ഉയർന്നുവരുന്നുണ്ട്. എന്നാൽ ഇതുവരെ ആരും പ്രതീക്ഷിക്കാത്ത ഒരു ബിജെപി നേതാവ് ബീഹാറിന്റെ മുഖ്യമന്ത്രിയാകുമെന്നും സൂചനകളുണ്ട്.