ഇന്ത്യക്കാരിയായ യൂട്യൂബർ കാനഡയിൽ കുത്തേറ്റു മരിച്ചു; കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ നിലപാടുകളെന്ന് സംശയം
ഒന്റാറിയോ: ഇന്ത്യൻ വംശജയായ യുവതിയെ അജ്ഞാതർ കുത്തിക്കൊലപ്പെടുത്തി. പഞ്ചാബ് സ്വദേശിയായ യൂട്യൂബർ നാൻസി ഗ്രെവാൾ (45) ആണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കാനഡയിലെ ഒന്റാറിയോയിലായിരുന്നു സംഭവം. പ്രാദേശിക സമയം രാത്രി 9:30ഓടെ ടോഡ് ലെയ്നിൽ ഒരാൾക്ക് കുത്തേറ്റതായി ലാസാലെ പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.
പൊലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തുമ്പോൾ നാൻസിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെ രണ്ട് വീടുകൾ പൊലീസ് സീൽ ചെയ്തിട്ടുണ്ട്. തെളിവുകൾ ശേഖരിക്കുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ലാസാലെ പൊലീസ് അറിയിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന നാൻസി പഞ്ചാബിലെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലും തന്റെ കൃത്യമായ നിലപാടുകൾ തുറന്നുപറഞ്ഞിരുന്നു. കാനഡയിലെ ഖാലിസ്ഥാൻ വാദികളെ നാൻസി രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും വീഡിയോകൾ പങ്കുവച്ചിരുന്നു. നാൻസിയുടെ രാഷ്ട്രീയ നിലപാടുകളാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.