'ആരൊക്കെ എങ്ങനെയൊക്കെ സൂം ചെയ്യുന്നുവെന്ന് ശ്രദ്ധിക്കാനാകില്ല, വീട്ടിലെ സ്വകാര്യ നിമിഷങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'
ആറ്റുകാൽ പൊങ്കാലയ്‌ക്കെത്തിയ നടിമാരുടെ വീഡിയോ മോശം രീതിയിൽ പ്രചരിപ്പിക്കുന്നതിൽ പ്രതികരിച്ച് നടി രമ്യ പണിക്കർ. വീട്ടിലെ സ്വകാര്യതയിൽ നിന്നുള്ള നിമിഷങ്ങൾ എടുത്ത് പുറത്ത് പ്രചരിപ്പിച്ചെന്നും മാന്യത കാണിക്കേണ്ടത് വീഡിയോയിൽ ഉള്ളവർ മാത്രമല്ല എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാണെന്നും നടി പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു രമ്യയുടെ പ്രതികരണം.
പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ടവരേ,
ഇന്നലെ ആറ്റുകാൽ അമ്മയുടെ പൊങ്കാല പ്രമാണിച്ച് ഞാൻ എന്റെ വീട്ടിൽ അച്ഛനും അമ്മയും കൂടെ, വളരെ സ്വകാര്യതയോടും പ്രൈവസിയോടും കൂടിയാണ് പൊങ്കാല അർപ്പിച്ചത്. സന്തോഷത്തോടെ പൊങ്കാല ഇട്ടുകൊണ്ടിരുന്ന സമയത്ത് ചില ഓൺലൈൻ മീഡിയ പ്രവർത്തകർ വീട്ടിലേക്ക് എത്തി വിശേഷങ്ങൾ ചോദിക്കാമെന്ന നിലയിൽ വീഡിയോയും ചിത്രങ്ങളും എടുത്ത് മടങ്ങി.
പൊങ്കാല ഇടുമ്പോൾ അടുപ്പ് മുറ്റത്ത് തറയിൽ വച്ചാണ് നിൽക്കുന്നത്. തീയുടെയും പായസത്തിന്റെയും അരിയുടെയും കാര്യങ്ങളിൽ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ, ആരൊക്കെ എങ്ങനെയൊക്കെ സൂം ചെയ്ത് ചിത്രീകരിക്കുന്നു എന്നത് ശ്രദ്ധിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. അതും സ്വന്തം വീടിന്റെ കംഫർട്ട് സോണിൽ നിൽക്കുന്ന സമയത്ത്.
പ്രതീക്ഷിക്കാതെ എത്തി ചിത്രീകരിച്ച ചില വീഡിയോകൾ പിന്നീട് പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ടു. എന്റേതു മാത്രമല്ല, മറ്റു ചില ആർട്ടിസ്റ്റുമാരുടെയും വീഡിയോകൾ ഇതുപോലെ പ്രചരിക്കുന്നതായി കാണുന്നു. അതുകൊണ്ട് ഒരു വിനീതമായ അഭ്യർത്ഥന — നിങ്ങളോടുള്ള വിശ്വാസത്തിലാണ് ഞങ്ങൾ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്. ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങളുടേയും ആണ്. ഒരു പോസ്റ്റോ വീഡിയോയോ പങ്കുവെക്കുന്നതിന് മുമ്പ് ഒരിക്കൽ അല്ലെങ്കിൽ രണ്ടിക്കൽ ആലോചിക്കണം. അത് നിങ്ങളുടെ കൾച്ചറിനെയും പ്രൊഫഷണലിസത്തെയും പ്രതിഫലിപ്പിക്കുന്നതാണ്.
വീട്ടിലെത്തിയ എല്ലാ മീഡിയ സുഹൃത്തുക്കളോടും ഞങ്ങൾ മാന്യമായിട്ടാണ് പെരുമാറിയത്. വീട്ടിലെ സ്വകാര്യതയിൽ നിന്നുള്ള നിമിഷങ്ങൾ എടുത്ത് പുറത്ത് പ്രചരിപ്പിച്ചതിന് ശേഷം, നമ്മളോട് തന്നെ കൂടുതൽ ശ്രദ്ധിക്കണം, കോസ്റ്റ്യൂം മാന്യമായിരിക്കണം എന്ന് പറയുന്നത് ശരിയായ സമീപനം അല്ല.
മാന്യത കാണിക്കേണ്ടത് വീഡിയോയിൽ ഉള്ളവർ മാത്രമല്ല — എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാണ്.
ഇതാണ് പറയാനുള്ളത്.
നന്ദി