'ആ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ എന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കി'; കാരണം തുറന്നുപറഞ്ഞ് ഉർവശി

Thursday 05 March 2026 3:46 PM IST

​​​​മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ആരാധകരുള്ള അഭിനേത്രിയാണ് ഉർവശി. 'മുന്താണൈ മുടിച്ച്' എന്ന ചിത്രത്തിലൂടെ ഭാഗ്യരാജിന്റെ നായികയായാണ് ഉർവശി തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ 'കണ്ണുതുറക്കണം സ്വാമി' എന്ന് തുടങ്ങുന്ന ഗാനം കേരളത്തിലും വൻഹിറ്റായിരുന്നു. ഈ പാട്ടിലെ ഉർവശിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടാറുണ്ട്. എന്നാൽ, പതിനാലാമത്തെ വയസിലാണ് അത്തരമൊരു പ്രകടനം ഉർവശി നടത്തിയതെന്നത് കൂടുതൽ അതിശയിപ്പിക്കുന്നു. ഇപ്പോഴിതാ 'കണ്ണുതുറക്കണം സ്വാമി' എന്ന പാട്ട് ഹിറ്റായതിനുപിന്നാലെ തന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കിയ അനുഭവം വിവരിക്കുകയാണ് ഉർവശി.

'അന്ന് പത്താം ക്ലാസിലായിരുന്നു. സ്‌കൂൾ തുറക്കുന്നതിന് മുൻപ് തന്നെ സിനിമ റിലീസായിരുന്നു. ആൺകുട്ടികളൊക്കെ ഈ പാട്ട് പാടി പിറകെ നടക്കാൻ തുടങ്ങി. അങ്ങനെയാണ് എന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കിയത്. ശരിക്കും ഞാൻ പഠിച്ചത് സിനിമാപ്രവർത്തകരുടെ മക്കൾ പഠിക്കുന്ന സ്‌കൂളിലാണ്. എങ്കിൽപ്പോലും മറ്റ് കുട്ടികളെന്നെ ശല്യം ചെയ്യാൻ തുടങ്ങിയപ്പോൾ എന്നെ സ്‌കൂളിൽ അയക്കണ്ടാന്ന് അദ്ധ്യാപകർ തന്നെ വീട്ടിലേക്ക് വിളിച്ചുപറഞ്ഞു. വീട്ടിലിരുന്ന് പഠിച്ചിട്ട് എക്‌സാം എഴുതാനായി നിർദേശിക്കുകയായിരുന്നു.'- ഉർവശി പറഞ്ഞു.

ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉർവശി ഇക്കാര്യം പറഞ്ഞത്. സിനിമയിൽ നായികയായ പരിമളം (ഉർവശി), നായകനായ അദ്ധ്യാപകനെ (ഭാഗ്യരാജ്) വശീകരിക്കാൻ വേണ്ടി പാടുന്ന ഗാനമാണിത്. തമിഴ് സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളിൽ ഒന്നാണിത്. ഇളയരാജയുടെ സംഗീതത്തിലാണ് ഗാനമൊരുക്കിയത്.