മണിക്കൂറുകൾക്കുള്ളിൽ പകരം വീട്ടി ഇറാൻ; അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ചു, സംഘർഷം രൂക്ഷമാകുന്നു

Thursday 05 March 2026 4:37 PM IST

ടെഹ്‌റാൻ: ശ്രീലങ്കൻ തീരത്ത് തങ്ങളുടെ യുദ്ധക്കപ്പലിനെ ആക്രമിച്ച അമേരിക്കയ്‌ക്ക് മണിക്കൂറുകൾക്കകം തിരിച്ചടി നൽകിയതായി ഇറാൻ. വടക്കൻ പേർഷ്യൻ ഗൾഫിലുളള അമേരിക്കൻ എണ്ണക്കപ്പൽ തകർത്തെന്ന അവകാശവാദവുമായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി കോർപ്‌സ് (ഐആർജിസി) രംഗത്തെത്തി. ശ്രീലങ്കൻ തീരത്ത് തങ്ങളുടെ യുദ്ധക്കപ്പലിനുനേരെ യുഎസ്‌ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേനയാണ് ആക്രമിക്കപ്പെട്ടത്. അന്തർവാഹിനി ഉപയോഗിച്ചാണ് ഇറാന്റെ യുദ്ധകപ്പൽ തകർത്തത്. ആക്രമണത്തിൽ 87 നാവികർ കൊല്ലപ്പെടുകയും 68 പേരെ കാണാതാവുകയും ചെയ്‌തു. 32 പേരെ ശ്രീലങ്കൻ സേന രക്ഷപ്പെടുത്തിയിരുന്നു.

രാജ്യാന്തര ചരക്കുനീക്കത്തിനുള്ള പ്രധാനമാർഗമായ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ കടന്നുപോകുന്നത് തങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് ഐആർജിസി പ്രസ്താവന നടത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഐറിസ് ദേനയ്‌ക്കുനേരെ അമേരിക്ക ആക്രമണം നടത്തിയത്. വിശാഖപ്പട്ടണത്ത് ഇന്ത്യൻ നാവികസേനയുടെ അഭ്യാസങ്ങളിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഐറിസ് ദേന. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അമേരിക്ക എക്‌സിലൂടെ പങ്കുവച്ചിരുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന യു.എസ് അന്തർവാഹിനിയിൽ നിന്നുള്ള ടോർപിഡോ കപ്പലിലേക്ക് തുളച്ചുകയറുകയായിരുന്നു. ചിതറിത്തെറിച്ച കപ്പൽ പൂർണമായും മുങ്ങി. ഇന്നലെ പുലർച്ചെ 5.08 ഓടെയാണ് കപ്പലിൽ നിന്നുള്ള അപായ സന്ദേശം ശ്രീലങ്കൻ അധികൃതർക്ക് ലഭിച്ചത്. ഗാലെ തീരത്തുനിന്ന് 40 നോട്ടിക്കൽ മൈൽ അകലെ, ശ്രീലങ്കൻ സമുദ്രാതിർത്തിക്ക് പുറത്തായിരുന്നു സംഭവം. ശ്രീലങ്കൻ നാവികസേനയും എയർ ഫോഴ്സും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷപ്പെടുത്തിയവരെ കരാപിതിയയിലെ ആശുപത്രിയിലെത്തിച്ചു.