മൾട്ടിലെവൽ കാർ പാർക്കിംഗുണ്ട്,​ എന്നിട്ടും റോഡ് കൈയേറി പാർക്കിംഗ്

Friday 06 March 2026 3:04 AM IST

 300വാഹനങ്ങൾ പാർക്ക് ചെയ്യാം, 241 സ്ലോട്ടുകൾ ഒഴിവ്

തിരുവനന്തപുരം: മൾട്ടിലെവൽ കാർ പാർക്കിംഗ് ഉണ്ടായിട്ടും,​ജനങ്ങളുടെ പാർക്കിംഗ് റോഡിലാണ്.

ഗതാഗതക്കുരുക്ക് കുറയ്ക്കാനും,​റോഡരികിലെ പാർക്കിംഗ് നിയന്ത്രിക്കാനും ലക്ഷ്യമിട്ടൊരുക്കിയ സ്മാർട്ട്‌സിറ്റിയുടെ മൾട്ടിലെവൽ കാർ പാർക്കിംഗ് ഏരിയാ ഉപയോഗിക്കുന്നവർ ചുരുക്കമാണ്. പാർക്കിംഗ് ഫീസ് വർദ്ധനവാണ്,​മൾട്ടിലെവൽ കാർ പാർക്കിംഗ് ഏരിയായ്ക്ക് തിരിച്ചടിയായത്.

ഒരേസമയം ഇരുചക്രവാഹനങ്ങളും നാലുചക്രവാഹനങ്ങളും പാർക്കിംഗ് ചെയ്യാവുന്ന രീതിയിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.എന്നാൽ ആരംഭം മുതൽ തന്നെ പ്രതീക്ഷിച്ചതുപോലെ ആളുകൾ ഈ സംവിധാനം ഉപയോഗിക്കുന്നില്ല.300 വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണെങ്കിലും നിലവിൽ 241 സ്ലോട്ടുകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് വിവരം.ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാഹനങ്ങൾ മെക്കാനിക്കൽ സംവിധാനത്തിലൂടെ മുകളിലേക്കും താഴേക്കും നീക്കി സുരക്ഷിതമായി പാർക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണിത്. നിലവിൽ 59 വാഹനങ്ങൾ മാത്രമാണ് ഇവിടെ പാർക്ക് ചെയ്യാറുള്ളത്.

 ഇരുചക്ര വാഹനങ്ങൾക്ക് ഈടാക്കുന്ന ഫീസ്

2 മണിക്കൂർ - 10 രൂപ

4 മണിക്കൂർ - 15 രൂപ

8 മണിക്കൂർ - 20 രൂപ

16 മണിക്കൂർ - 25 രൂപ

24 മണിക്കൂർ - 30 രൂപ

 നാലുചക്ര വാഹനങ്ങൾക്കുള്ള ഫീസ്

2 മണിക്കൂർ - 30 രൂപ

4 മണിക്കൂർ - 50 രൂപ

8 മണിക്കൂർ - 70 രൂപ

16 മണിക്കൂർ - 90 രൂപ

24 മണിക്കൂർ - 110 രൂപ

വില്ലൻ മണിക്കൂറിലുള്ള ഫീസ് വർദ്ധന

മണിക്കൂറിലുള്ള ഫീസ് വർദ്ധന സാധാരണക്കാരെ വലയ്ക്കുന്നെന്നാണ് പ്രധാന പരാതി.ഒരു ദിവസത്തേക്ക് 110 രൂപ ഈടാക്കുന്നത് കൂടുതലാണെന്ന് വാഹന ഉടമകൾ പറയുന്നു.