ചണ്ടിയും കുളവാഴയും നീക്കും, പെരുവനം തൊടുകുളം പുനരുദ്ധരിക്കും
ചേർപ്പ് : ചണ്ടിയും കുളവാഴയും നീക്കി പെരുവനം തൊടുകുളം പുനരുദ്ധരിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്. തൊടുകുളത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജിന്റെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, ദേവസ്വം കമ്മിഷണർ എസ്.ആർ.ഉദയഭാനു എന്നിവർക്ക് നിവേദനം നൽകി. തുടർന്ന് നടന്ന ചർച്ചയിൽ കുളത്തിലെ ചണ്ടിയും കുളവാഴയും നീക്കാനും പെരുവനം-ആറാട്ടുപുഴ പൂരാഘോഷങ്ങളുടെ ഭാഗമായി ദേവി ദേവൻമാരുടെ ആറാട്ട് നടക്കുന്ന തൊടുകുളം സുഗമമാക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം അധികൃതർ ഉറപ്പു നൽകിയതായി സിജോ ജോർജ് പറഞ്ഞു. വൈസ് പ്രസിഡന്റ് വിദ്യ രമേഷ്, അംഗങ്ങളായ എം.സുജിത്ത്കുമാർ, ജയശ്രീ ഷാജൻ, ബൈജു സെൻ ജോൺ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പെരുവനം തൊടുകുളത്തിന്റെ ശോചനീയാസ്ഥ സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത നൽകിയിരുന്നു.