ട്രാൻ.ഡിപ്പോയിലെ കൈയാങ്കളി,​ ജീവനക്കാർക്ക് സ്ഥലം മാറ്റം

Friday 06 March 2026 8:56 AM IST

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കൈയാങ്കളി നടത്തിയ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്‌ടർക്കും ഡ്രൈവർക്കും സ്ഥലം മാറ്റം. കൺട്രോളിംഗ് ഇൻസ്പെക്ടറെ കോട്ടയം യൂണിറ്റിലേക്കും ഡ്രൈവറെ പാലാ യൂണിറ്റിലേക്കുമാണ് സ്ഥലം മാറ്റിയത്. സംഭവത്തിൽ വിജിലൻസ് വിഭാഗം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഇരുകൂട്ടരും ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ഫെബ്രുവരി 18ന് രാവിലെ 11ന് കൺട്രോളിംഗ് ഓഫീസറുടെ മുറിയിലായിരുന്നു സംഭവം. ഡിപ്പോയിൽ സൂചനാ ബോർഡുകൾ സ്ഥാപിച്ചത് സംബന്ധിച്ചും ചലോ കാർഡ് വിതരണത്തിലെ കമ്മിഷൻ സംബന്ധിച്ചുമുള്ള തർക്കങ്ങളാണ് വാക്കേറ്റത്തിനും സംഘർഷത്തിലും കലാശിച്ചത്. ഇരുവർക്കും പരിക്കേറ്റിരുന്നു. കൺട്രോളിംഗ് ഇൻസ്പെക്‌ടർ കൈയിൽ കരുതിയിരുന്ന താക്കോൽ കൂട്ടം കൊണ്ട് ഇടതുകൈയിൽ ഇടിച്ചുവെന്നാണ് ഡ്രൈവറുടെ പരാതി. സംഘർഷം സംബന്ധിച്ച് ആലപ്പുഴ യൂണിറ്റ് മേധാവി സി.എം.ഡിക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവായത്.