അജ്ഞാത വാഹനം ഇടിച്ച് മരണം; മൂന്നാംനാൾ പ്രതി പിടിയിൽ

Friday 06 March 2026 1:09 AM IST

കോന്നി :കോന്നി പൂവൻപാറ പെട്രോൾ പമ്പിന് സമീപം ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11ന് വഴിയാത്രക്കാരനെ ഇടിച്ചിട്ട വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ.

പുനലൂർ ആയിരനല്ലൂർ എരണൂർ കരിക്കം കൃഷ്ണവിലാസത്തിൽ അനൂപിനെയാണ് (32)പിടികൂടിയത്. ഇയാൾ ഓടിച്ച കാറും പിടിച്ചെടുത്തു. അജ്ഞാത വാഹനമിടിച്ച് മരണം എന്ന് കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മൂനാം ദിവസം വഴിത്തിരിവുണ്ടായത്. പരിക്കേറ്റ കോന്നി പൂവൻപാറ കൈതവന വീട്ടിൽ രാജു എന്ന് വിളിക്കുന്ന മാത്യു വർഗീസ് (46) മരണപ്പെട്ടിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു. മാത്യുവിനെ നാട്ടുകാർ കോന്നി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ മുഖം തകർന്നു പോയിരുന്നതിനാൽ ആളെ തിരിച്ചറിയുന്നതിന് രൂപവും വസ്ത്രവും ഫോണും ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെയാണ് മരിച്ചത് മാത്യുവാണെന്ന് വ്യക്തമായത്.

♦ വാഹനഭാഗം തുമ്പായി

അപകടം നടന്ന സ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ ഇല്ലാതിരുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. സംഭവസ്ഥലവും പരിസരവും പരിശോധിച്ച അന്വേഷണ സംഘത്തിന് ഇടിച്ചിട്ട വാഹനത്തിന്റേതെന്ന് സംശയിക്കുന്ന ചെറിയ പ്ലാസ്റ്റിക് ഭാഗം ലഭിച്ചു. അത് വാഹനത്തിന്റെതാണ് എന്ന് തിരിച്ചറിഞ്ഞു. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അപകടമുണ്ടാക്കിയ വാഹനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. പത്തനംതിട്ട , കോട്ടയം ജില്ലകളിലെ നിരവധി സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു. വാഹനം പോയത് എറണാകുളം ഭാഗത്തേക്കാണെന്ന് വ്യക്തമായി. ഒടുവിൽ, മൂവാറ്റുപുഴയിൽ നിന്ന് വാഹനം കസ്റ്റഡിയിലെടുത്തു. കോന്നി എസ്.എച്ച്.ഒ രാജഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൂവാറ്റുപുഴയിൽ സ്വകാര്യ സ്ഥാപനത്തിന് സമീപത്ത് നിന്ന് വാഹനം കണ്ടെത്തി. പ്രതി അനൂപ് ഇവിടെയാണ് ജോലി ചെയ്യുന്നത്. അപകട സമയത്ത് കാറിൽ ഇയാൾക്കൊപ്പം ഭാര്യയുമുണ്ടായിരുന്നു. ഒരാളെ കാർ തട്ടിയെന്ന് അറിഞ്ഞെന്നും ഭയം കാരണമാണ് നിറുത്താതെ പോയതെന്നും അനൂപ് പൊലീസിനോട് പറഞ്ഞു.