പൂജാരിയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി റിമാൻഡിൽ

Friday 06 March 2026 1:16 AM IST

കൊടകര: പൂജാരിയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയായ യുവതി റിമാൻഡിൽ. പറക്കാട്ടുകര മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)യാണ് റിമാൻഡിലായത്. മറ്റത്തൂർ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടിൽ പ്രശ്‌ന പരിഹാരത്തിനായി എത്തി പൂജാരിയുടെ ഭാര്യയുടെ 12 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. യുവതി പ്രശ്‌നപരിഹാരത്തിനായി ഇടക്കിടെ പൂജാരിയുടെ വീട്ടിൽ എത്താറുണ്ട്.

പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്താണ് പ്രതി അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. സ്വർണം കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിൽപ്പന നടത്തി പ്രതി പുതിയ സ്വർണവും ഗൃഹോപകരണങ്ങളും വാങ്ങി.കൂടാതെ പണയത്തിലിരുന്ന ആഭരണങ്ങൾ തിരിച്ചെടുപ്പിച്ചു.

കൊടകര പൊലീസ് ഇൻസ്‌പെക്ടർ ജെർലിൻ വി.സ്‌കറിയ, സബ് ഇൻസ്‌പെക്ടർ കൃഷ്ണ പ്രസാദ്, ഇ.എ.സുരേഷ് , അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷീബ അശോകൻ, ഷൈജി കെ.ആന്റണി, ആഷ്‌ലിൻ ജോൺ, ജി.എസ്.സി.പി.ഒ.കെ. ജെ.ഡെനിൻ,എം.എം.അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.