ബംഗാൾ ഗവർണർ സ്ഥാനം രാജിവച്ച് സി.വി. ആനന്ദബോസ്, ആർലേക്കർക്ക് തമിഴ്നാടിന്റെ ചുമതല

Friday 06 March 2026 12:26 AM IST

ന്യൂഡൽഹി: സി.വി. ആനന്ദബോസിന്റെ രാജിയെ തുടർന്ന് പശ്ചിമ ബംഗാളിൽ ആർ.എൻ. രവിയടക്കം ഏഴ് പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി. കേരള ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് തമിഴ്നാടിന്റെ അധിക ചുമതല നൽകി. ഹിമാചൽപ്രദേശ് ഗവർണർ ശിവ് പ്രതാപ് ശുക്ലയെ തെലങ്കാനയിലും തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മയെ മഹാരാഷ്ട്രയിലും ലഡാക് ലെ്ര്രഫനന്റ് ഗവർണർ കവിന്ദർ ഗുപ്തയെ ഹിമാചൽ പ്രദേശിലും ഗവർണർമാക്കി. ഡൽഹി ലെ്ര്രഫനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയെ ലഡാക്കിൽ ലെ്ര്രഫനന്റ് ഗവർണറാക്കി. നാഗാലാൻഡിൽ നന്ദ് കിഷോർ യാദവും ബീഹാറിൽ റിട്ട. ലെഫ്ടനന്റ് ജനറൽ സയ്യിദ് അദാ ഹസ്‌നൈനും ഗവർണർമാരാകും. അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് പുതിയ ഡൽഹി ലെഫ്ടനന്റ് ഗവർണർ.

അതേസമയം കേന്ദ്ര സർക്കാരുമായുള്ള അഭിപ്രായ ഭിന്നതയാണ് കാരണമാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ആനന്ദബോസിന്റെ രാജിയെന്നാണ് അറിയുന്നത്.

2022 നവംബറിൽ ചുമതലയേറ്റ ആനന്ദബോസിന് 2027 നവംബർ വരെ തുടരാമായിരുന്നു. ഇന്നലെ വൈകിട്ട് ഡൽഹിയിലെത്തിയാണ് ആനന്ദബോസ് രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി. ഗവർണർ പദവിയിൽ ആവശ്യത്തിന് സമയം ലഭിച്ചെന്ന് പറഞ്ഞതല്ലാതെ കൂടുതലൊന്നും വെളിപ്പെടുത്തിയില്ല.

രാജിക്കാര്യം മുഖ്യമന്ത്രി മമതാ ബാനർജിയെ അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സമ്മർദ്ദമാണ് നടപടിയിലേക്ക് നയിച്ചതെന്ന് മമത ആരോപിച്ചു.

ജനങ്ങളിലേക്ക്

ഇറങ്ങിയ ഗവർണ‌ർ

ജഗ്‌ദീപ് ധൻകർ ഉപരാഷ്‌ട്രപതിയായ ഒഴിവിലാണ് കോട്ടയം മാന്നാനം സ്വദേശിയായ റിട്ട. ഐ.എ.എസ് ഓഫീസർ ആനന്ദബോസ് പശ്ചിമ ബംഗാൾ ഗവർണറായത്. അഡി. ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം കേന്ദ്രസർക്കാരിന്റെ ഉപദേശകനായിരുന്നു. ജനങ്ങളിലേക്ക് നേരിട്ടിറങ്ങി പരാതികൾക്ക് പരിഹാരമുണ്ടാക്കി. തിരഞ്ഞെടുപ്പ് അക്രമങ്ങളിൽ ഇടപെട്ടും നിയമസഭ പാസാക്കിയ ബില്ലുകൾ തിരിച്ചയച്ചും തൃണമൂൽ സർക്കാരിനെതിരെ കർശന നിലപാട് സ്വീകരിച്ചു.